യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്; എത്രയും വേഗമായാല്‍ അത്രയും നല്ലത്: പുടിന്‍
World News
യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളാഗ്രഹിക്കുന്നത്; എത്രയും വേഗമായാല്‍ അത്രയും നല്ലത്: പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd December 2022, 9:36 am

മോസ്‌കോ: അമേരിക്കയില്‍ നിന്നും മിസൈലുകള്‍ (Patriot missiles) വാങ്ങാനുള്ള ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയുടെ തീരുമാനം റഷ്യ- ഉക്രൈന്‍ സംഘര്‍ഷം പരിഹരിക്കാനോ റഷ്യയെ അതിന്റെ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് തടയാനോ സഹായിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍.

അതേസമയം, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന് വേണ്ടി നയതന്ത്ര പരിഹാരം അനിവാര്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

”സൈനിക സംഘട്ടനം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. മറിച്ച്, ഈ യുദ്ധം അവസാനിപ്പിക്കുക എന്നതാണ്. അതിന് വേണ്ടി ഞങ്ങള്‍ പരിശ്രമിക്കും, അത് എത്രയും വേഗം സംഭവിക്കുകയാണെങ്കില്‍ അത്രയും നല്ലത്,” മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ പുടിന്‍ പറഞ്ഞു.

യൂത്ത് പോളിസിയെക്കുറിച്ച് മോസ്‌കോയില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈനുമായുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് നേരത്തെയും റഷ്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യയുമായുള്ള സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ആദ്യത്തെ വിദേശയാത്ര അമേരിക്കയിലേക്കായിരുന്നു. ഈ യാത്രക്കിടെയായിരുന്നു അമേരിക്കയില്‍ നിന്നും ഉക്രൈന്‍ മിസൈലുകള്‍ വാങ്ങാന്‍ തീരുമാനമായത്.

”ഞങ്ങള്‍ വാഷിങ്ടണില്‍ നിന്ന് നല്ല റിസള്‍ട്ടോടെ മടങ്ങുകയാണ്. ശരിക്കും ഞങ്ങള്‍ക്ക് സഹായകരമാകുന്ന കാര്യവുമായി,” എന്നായിരുന്നു ഇതിന് പിന്നാലെ സെലന്‍സ്‌കിയുടെ പ്രതികരണം.

എന്നാല്‍ ഉക്രൈന്റെ ഈ മിസൈലുകളെ തടയാനും പ്രതിരോധിക്കാനുമുള്ള വഴി റഷ്യ കണ്ടെത്തും എന്നായിരുന്നു ഇതിനോട് പുടിന്റെ പ്രതികരണം. പാട്രിയോട് എയര്‍ ഡിഫന്‍സ് സിസ്റ്റം (Patriot air defence system) ഒരു പഴകിയ സംവിധാനമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

2021 ഫെബ്രുവരി 24നായിരുന്നു റഷ്യ ഉക്രൈനില്‍ തങ്ങളുടെ ‘സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍’ ആരംഭിച്ചത്. ഉക്രൈന്‍ നാറ്റോയില്‍ അംഗത്വമെടുക്കുമെന്നും അത് റഷ്യയുടെ സുരക്ഷക്ക് ഭീഷണിയായി മാറുമെന്നുമുള്ളതുകൊണ്ട് പ്രതിരോധമെന്ന തരത്തിലാണ് മിലിറ്ററി ഓപ്പറേഷന് മുതിര്‍ന്നതെന്നാണ് റഷ്യന്‍ വാദം.

Content Highlight: Russian President Vladimir Putin says will strive for an end to war and it is sooner the better