എഡ്വേഡ് സ്‌നോഡന് റഷ്യന്‍ പൗരത്വം അനുവദിച്ച് പുടിന്‍
World News
എഡ്വേഡ് സ്‌നോഡന് റഷ്യന്‍ പൗരത്വം അനുവദിച്ച് പുടിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th September 2022, 11:28 am

മോസ്‌കോ: എഡ്വേഡ് സ്‌നോഡന് റഷ്യന്‍ പൗരത്വം അനുവദിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

2013ല്‍ യു.എസ് ഇന്റലിജന്‍സ്- സെക്യൂരിറ്റി കോണ്‍ട്രാക്ടറായി ജോലി ചെയ്യവെ യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (എന്‍.എസ്.എ) രഹസ്യനിരീക്ഷണ ഓപ്പറേഷനുകള്‍ സ്‌നോഡന്‍ ചോര്‍ത്തി പുറത്തുകൊണ്ടുവന്നിരുന്നു. ഈ സംഭവത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ റഷ്യ സ്‌നോഡന് പൗരത്വം നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.

പുതുതായി റഷ്യന്‍ പൗരത്വം അനുവദിച്ച 75 വിദേശ പൗരന്മാരുടെ പട്ടിക ഉത്തരവിലൂടെ പുറത്തുവിട്ടിരുന്നു. ഇതില്‍ ഒരാളാണ് സ്‌നോഡന്‍. റഷ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്.

ചാരവൃത്തി കേസില്‍ ക്രിമിനല്‍ വിചാരണ നേരിടുന്നതിന് സ്‌നോഡന്‍ അമേരിക്കയിലേക്ക് തിരിച്ചെത്താന്‍ യു.എസ് അധികാരികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന് റഷ്യന്‍ പൗരത്വം കൂടി അനുവദിച്ച് കിട്ടിയിരിക്കുന്നത്.

അതേസമയം, റഷ്യന്‍ പൗരത്വം അനുവദിച്ച് കിട്ടിയതായുള്ള റിപ്പോര്‍ട്ടുകളിന്മേല്‍ സ്‌നോഡന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2013ല്‍ എന്‍.എസ്.എയുടെ വിവിധ ആഭ്യന്തര- അന്താരാഷ്ട്ര രഹസ്യ നിരീക്ഷണ രേഖകള്‍ ചോര്‍ത്തിയതിന് പിന്നാലെ നേരത്തെ അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത 39കാരനായ സ്‌നോഡന് റഷ്യയില്‍ അഭയം നല്‍കുകയായിരുന്നു.

2020ല്‍ സ്‌നോഡന് റഷ്യ പെര്‍മനന്റ് റെസിഡന്‍സി അവകാശവും (permanent residency rights) അനുവദിച്ചിരുന്നു.

Content Highlight: Russian president Vladimir Putin grants Russian citizenship to Edward Snowden