മോസ്‌കോ: ആപ്പിളിനെതിരെ കടുത്ത നടപടിയുമായി റഷ്യ. റഷ്യയില്‍ വില്‍പ്പന നടത്തുന്ന iOS ഡിവൈസുകളില്‍ റഷ്യയുടെ RuStore ആപ്പ് നിര്‍ബന്ധമാക്കുമെന്നാണ് പ്രസിഡന്റ് ഒപ്പിട്ട പുതിയ നിയമനിര്‍മ്മാണം അനുശാസിക്കുന്നത്.
സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉപകരണങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആപ്പ് മാര്‍ക്കറ്റ്‌പ്ലേസായ റുസ്റ്റോര്‍ ആപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തില്‍ തിങ്കളാഴ്ചയാണ് പുടിന്‍ ഒപ്പുവെച്ചത്. ആപ്പിളിനെ നേരിട്ട് ബാധിക്കുന്ന നടപടിയായാണ് ഇതിനെ കണക്കാക്കുന്നത്.
രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭേദഗതിയായ ഈ പുതിയ നിയമം, മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളിലെ ഇടപാടുകള്‍, പേയ്മെന്റുകള്‍, അന്വേഷണങ്ങള്‍, അപ്ഡേറ്റുകള്‍ പോലുള്ളവ നടത്തുന്നതില്‍ നിന്ന് നിര്‍മ്മാതാക്കളെ തടയുന്നതാണ്.
നിലവിലെ ഭേദഗതികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ആപ്പിളിനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ സോഫ്റ്റ്‌വെയര്‍ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തുന്ന കമ്പനി കൂടിയാണ് ആപ്പിള്‍.
കഴിഞ്ഞ വര്‍ഷം, മറ്റു രാജ്യങ്ങളില്‍ വില്‍ക്കുന്ന iOS ഉപകരണങ്ങളില്‍ തേര്‍ഡ് പാര്‍ട്ടി മാര്‍ക്കറ്റ്‌പ്ലേസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ടെന്ന് യൂറോപ്യന്‍യൂണിയന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടിരുന്നു.
ആപ്പിളിനെ മാത്രമല്ല ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളെയും ഈ മാറ്റങ്ങള്‍ ഒരു പരിധിവരെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു iOS ഉപകരണത്തില്‍ RuStore ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എളുപ്പമല്ലെന്നും വാദമുണ്ട്.
സാംസങ്, ഹുവാവേ, ഹോണര്‍ തുടങ്ങിയ കമ്പനികള്‍ നിലവില്‍ റുസ്റ്റോര്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്ത ഡിവൈസുകളല്ല വില്‍പ്പന നടത്തുന്നത്. എന്നാല്‍ ഈ ആപ്പ് ഇവയില്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. മാത്രമല്ല ഇവ ഡിവൈസുകളില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യും.
2019 ലാണ് റഷ്യ ആദ്യമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കണമെന്ന പ്രഖ്യാപനം കൊണ്ടുവരുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട പട്ടികയും പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ മാസം എല്‍.ജി.ബി.ടിക്കായി പ്രചരണം നടത്തിയെന്നും റഷ്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി യു.എസ് ടെക് ഭീമനായ ആപ്പിളിന് റഷ്യന്‍ കോടതി ആറ് ദശലക്ഷം റൂബിള്‍സ് (76,510 ഡോളര്‍) പിഴ ചുമത്തിയിരുന്നു.
Content Highlight: Russian President Putin takes action against Apple