ക്രൂഷ്ചേവിന്റെ വിമർശനം രാഷ്ട്രീയ പ്രേരിതം; സ്റ്റാലിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒരുങ്ങി റഷ്യൻ കമ്മ്യൂണിസ്റ്റുകൾ
Trending
ക്രൂഷ്ചേവിന്റെ വിമർശനം രാഷ്ട്രീയ പ്രേരിതം; സ്റ്റാലിന്റെ പ്രതിച്ഛായ വീണ്ടെടുക്കാൻ ഒരുങ്ങി റഷ്യൻ കമ്മ്യൂണിസ്റ്റുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th July 2025, 12:39 pm

മോസ്കോ: മുൻ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ പ്രശസ്തി വീണ്ടെടുക്കാൻ പ്രമേയം പാസാക്കി റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.ആർ.എഫ്). ‘ഹിസ്റ്റോറിക് ജസ്റ്റിസ്’ എന്ന് പേരിട്ട പ്രമേയത്തിലൂടെ പ്രശസ്ത സോവിയറ്റ് നേതാവായ സ്റ്റാലിനെതിരെ അദ്ദേഹത്തിന്റെ പിൻഗാമിയായ നികിത ക്രൂഷ്ചേവ് സ്റ്റാലിനെതിരെ ഉയർത്തിയ വിമർശനം അന്യായവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.ആർ.എഫ് പറഞ്ഞു.

തന്റെ ഭരണകാലത്ത് സ്റ്റാലിൻ വ്യക്തിത്വ ആരാധന വളർത്തിയെടുത്തെന്നും 1930കളിൽ നിരവധി അടിച്ചമർത്തലുകളും നിരവധിപേരെ തടവിലാക്കുന്നതിനും സ്റ്റാലിൻ കാരണക്കാരനായെന്നും ആരോപിച്ച ക്രൂഷ്ചേവ് 1956ൽ, സ്റ്റാലിനെ ശക്തമായി വിമർശിച്ചിരുന്നു. സ്റ്റാലിന്റെ പ്രതിമകളും സ്മാരകങ്ങളും നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ‘ഡി-സ്റ്റാലിനൈസേഷൻ’ എന്ന നയവും അദ്ദേഹം ആരംഭിച്ചിരുന്നു.

ആധുനിക റഷ്യയിൽ സ്റ്റാലിനെതിരെ ഇപ്പോഴും ഭിന്നാഭിപ്രായങ്ങൾ ഉണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നയിച്ചതിന് ചിലർ അദ്ദേഹത്തെ അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ നിരവധി മരണങ്ങൾക്കും തടവുകൾക്കും ഉത്തരവാദിയായ ഒരു ക്രൂരനായ സ്വേച്ഛാധിപതിയായി അദ്ദേഹത്തെ കാണുന്നു.

സമീപ വർഷങ്ങളിൽ, സി.പി.ആർ.എഫ് സ്റ്റാലിനെക്കുറിച്ച് കൂടുതൽ പോസിറ്റീവായി സംസാരിച്ചു. 2021ൽ, നിസ്നി നോവ്ഗൊറോഡ് മേഖലയിലെ കമ്മ്യൂണിസ്റ്റുകൾ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഒരു മ്യൂസിയം നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. സ്റ്റാലിൻ വിജയം, സമാധാനം, സോവിയറ്റ് യൂണിയന്റെ ശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രാദേശിക പാർട്ടി നേതാവ് വ്‌ളാഡിസ്ലാവ് യെഗോറോവ് പറഞ്ഞു. റഷ്യയിലുടനീളം സമാനമായ മ്യൂസിയങ്ങൾ തുറക്കുന്നതിനുള്ള ആദ്യപടിയായിരിക്കണം നിസ്നി നോവ്ഗൊറോഡ് സ്റ്റാലിൻ സെന്റർ എന്ന് യെഗോറോവ് പറഞ്ഞു. രാജ്യമെമ്പാടും സ്റ്റാലിന്റെ സ്മാരകങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്റ്റാലിൻ വിജയത്തിന്റെയും, സാഹോദര്യ രാഷ്ട്രങ്ങളുടെ കോമൺ‌വെൽത്തിന്റെയും, ലോകത്ത് സമാധാനം ഉറപ്പാക്കുകയും മൂന്നാം ലോക മഹായുദ്ധത്തിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്ത ശക്തിയുടെയും മഹത്വത്തിന്റെയും പ്രതീകമാണ്,’ വ്‌ളാഡിസ്ലാവ് യെഗോറോവ് പറഞ്ഞു.

ഏറ്റവും പുതിയ കൺവെൻഷനിൽ, വോൾഗോഗ്രാഡ് നഗരത്തിന്റെ പേര് സ്റ്റാലിൻഗ്രാഡ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെടുന്ന മറ്റൊരു പ്രമേയവും സി.പി.ആർ.എഫ് അംഗീകരിച്ചു. പാർട്ടി നേതാവ് ജെന്നഡി സ്യൂഗനോവ് വളരെക്കാലമായി ഈ ആശയത്തെ പിന്തുണയ്ക്കുകയും ജർമനിക്കെതിരായ വിജയത്തിന്റെ 80-ാം വാർഷികത്തിന് മുമ്പ് അത് വീണ്ടും ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദേശങ്ങളോട് റഷ്യൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Content Highlight: Russian Communists want Stalin rehabilitated