ശീതയുദ്ധകാലത്തെ അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് പിന്മാറി റഷ്യ
Trending
ശീതയുദ്ധകാലത്തെ അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് പിന്മാറി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2025, 10:19 am

മോസ്‌ക്കോ: റഷ്യക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് പിന്മാറി റഷ്യ. ശീതയുദ്ധകാലത്തെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായി മോസ്‌കോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇരുരാജ്യങ്ങളും പരസ്പരം ഹ്രസ്വ-മധ്യദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നതായിരുന്നു ഈ കരാര്‍. അമേരിക്ക നേരത്തെ തന്നെ ഈ കരാറില്‍ നിന്നും സ്വയം പിന്മാറിയിരുന്നു. എന്നാല്‍ റഷ്യ തങ്ങളുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നില്ല.

2019ലായിരുന്നു അമേരിക്ക ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് ഉടമ്പടിയില്‍ നിന്നും പിന്മാറിയത്. റഷ്യ കരാര്‍ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യു.എസിന്റെ പിന്മാറ്റം.

ഈ കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളും 500 കിലോമീറ്റര്‍ മുതല്‍ 5500 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഉപയോഗിക്കുന്നതാണ് പരസ്പരം നിരോധിച്ചിരുന്നത്.

രാജ്യത്തിന് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടതോടെ ഇനി സോവിയറ്റ് കാലഘട്ടത്തിലെ ഈ കരാറില്‍ തുടരാന്‍ കാരണങ്ങളൊന്നും ഇല്ലെന്നും നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇനി പാലിക്കുകയില്ലെന്നും റഷ്യന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.

റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ റഷ്യന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് റഷ്യക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഉത്തരവ് പുറത്ത് വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം.

Content Highlight: Russia withdraws from Cold War-era nuclear arms treaty with US