വാഷിങ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
രണ്ട് മണിക്കൂര്‍ സമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും അദ്ദേഹം വെടിനിര്‍ത്തലിനോട് സഹകരിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ റഷ്യന്‍ വിദേശനയ വക്താവ് യൂറി വിക്ടോറോവിച്ച് ഉഷാകോവ് സൗഹൃദപരമെന്ന് വിശേഷിപ്പിച്ചു.
ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി സെലന്‍സ്‌കിയും അറിയിച്ചു. യു.എസ് മുന്നോട്ടുവെച്ച പുതുക്കിയ 20 ഇന പദ്ധതിയില്‍ 90 ശതമാനം കാര്യങ്ങളിലും ധാരണയായെന്ന് സെലന്‍സ്‌കി പറഞ്ഞു.
ട്രംപും സെലൻസ്കിയും മാര്‍-എലാഗോ വസതിയിലെ സംയുക്ത വാർത്താസമ്മേളനത്തിൽ Photo: X.com
കൂടിക്കാഴ്ചയ്ക്കുശേഷം ഫ്‌ളോറിഡയിലെ മാര്‍-എലാഗോ വസതിയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഉടന്‍ വഴിത്തിരിവുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഉക്രൈനുള്ള അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിയുടെ കാര്യത്തില്‍ 95 ശതമാനം ധാരണയിലെത്തിയിട്ടണ്ട്. എന്നാല്‍ ഡോണ്‍ബാസ് സ്വതന്ത്ര വ്യാപാര മേഖലയാക്കുന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
“Our meeting was excellent… we have made a lot of progress on ending that war – by far closer than ever before.” – President Donald J. Trump 🇺🇸🇺🇦 pic.twitter.com/22j0LewxmX
‘ഡോണ്‍ബാസ് മേഖലയിലെ ചില മുള്ളുള്ള പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ വിജയം കാണുമോ എന്ന് ഏതാനും ആഴ്ചക്കുള്ളില്‍ അറിയാം,’ ട്രംപ് പറഞ്ഞു.
മേഖലയില്‍ ശാശ്വതമായ സമാധാനം കൈവരിക്കുന്നതിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടേത് ഉള്‍പ്പെടെയുള്ള ഏതൊരു സമാധാനകരാറിനും ഉക്രൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ഡോണ്‍ബാസില്‍ നിന്ന് ഉക്രൈന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് ട്രംപിന്റെ 20 ഇന പദ്ധതിയില്‍ പറയുന്നത്. ഇത് ഡോണ്‍ബാസിന്റെ നിയന്ത്രണം റഷ്യയുടെ കൈകളില്‍ എത്തിക്കുമെന്നാണ് ഉക്രൈന്റെ വിലയിരുത്തല്‍.
നിലവിലുള്ള അതിര്‍ത്തികള്‍ പ്രകാരം സമാധാനം പുലരണമെന്നാണ് ഉക്രൈന്റെ ആവശ്യം. അതേസമയം ഡോണ്‍ബാസ് വിഷയത്തില്‍ കാലതാമസമില്ലാതെ തീരുമാനമുണ്ടാകണമെന്നാണ് റഷ്യയുടെ നിലപാട്. ഇക്കാര്യം ട്രംപുമായുള്ള സംഭാഷണത്തിനിടെ പുടിന്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Russia-Ukraine war will end soon; thorny issues remain: Trump