'സ്വവര്‍ഗ ലൈംഗികത പാശ്ചാത്യ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്'; 'ഗേ പ്രൊപ്പഗാണ്ട' നിയമം പ്രായപൂര്‍ത്തിയായവരിലേക്കും വ്യാപിപ്പിക്കാന്‍ റഷ്യ
World News
'സ്വവര്‍ഗ ലൈംഗികത പാശ്ചാത്യ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്'; 'ഗേ പ്രൊപ്പഗാണ്ട' നിയമം പ്രായപൂര്‍ത്തിയായവരിലേക്കും വ്യാപിപ്പിക്കാന്‍ റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th July 2022, 12:26 pm

മോസ്‌കോ: ‘പാരമ്പര്യ ഇതര’ (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമനിര്‍മാതാക്കള്‍. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലുള്ള നിരോധനം മുതിര്‍ന്നവരിലേക്കും കൂടി വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം.

നിയമനിര്‍മാതാക്കള്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മുതിര്‍ന്ന ലെജിസ്ലേറ്റര്‍ അറിയിച്ചു.

”ആളുകളുടെ പ്രായം (ഓഫ്‌ലൈന്‍ , മീഡിയ, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍, ഓണ്‍ലൈന്‍ സിനിമകള്‍) കണക്കിലെടുക്കാതെ തന്നെ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള നിരോധനം പൊതുവായി നീട്ടാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു,” സ്റ്റേറ്റ് ഡ്യൂമ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ അലക്‌സാണ്ടര്‍ ഖിന്‍ഷ്ടെയ്ന്‍ വ്യക്തമാക്കി.

ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കൗണ്‍സില്‍ ഓഫ് യൂറോപ്പ് മനുഷ്യാവകാശ നിരീക്ഷണ സമിതിയില്‍ നിന്ന് റഷ്യ പുറത്തായതിനാല്‍, ഇനി ഇത്തരത്തിലുള്ള നിരോധനങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ എളുപ്പമാണ് എന്നായിരുന്നു റഷ്യയുടെ പാര്‍ലമെന്ററി സ്പീക്കര്‍ പ്രതികരിച്ചത്.

റഷ്യന്‍ സമൂഹത്തില്‍ വിദേശ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണം എന്ന ആവശ്യം റഷ്യയില്‍ ഇപ്പോള്‍ ഉയരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്നവരിലേക്കും കൂടി വ്യാപിപ്പിക്കുന്ന തരത്തില്‍ ഗേ പ്രൊപ്പഗാണ്ട നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതോടെ രാജ്യത്ത് സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ ലഭിക്കും.

പാശ്ചാത്യ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന, റഷ്യന്‍ സ്വഭാവമില്ലാത്ത ലിബറല്‍ മൂല്യങ്ങള്‍ (un-Russian liberal values promoted by the Wets) എന്നാണ് സ്വവര്‍ഗ ലൈംഗികതയെ പിന്തുണക്കുന്ന നിലപാടിനെക്കുറിച്ചുള്ള റഷ്യയുടെ അഭിപ്രായം.

2013ലായിരുന്നു റഷ്യയില്‍ ഗേ പ്രൊപ്പഗാണ്ട നിയമം (gay propaganda law) പാസായത്. ഇത് പ്രകാരം രാജ്യത്ത് ഗേ പ്രൈഡ് മാര്‍ച്ചുകള്‍ നടത്താന്‍ അനുമതി നിഷേധിക്കാനും എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെ തടവിലിടാനും സാധിക്കും.

1993 വരെ റഷ്യയില്‍ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായിരുന്നു. 1999 വരെയുള്ള കാലഘട്ടങ്ങളില്‍ ഇത് ഒരു മാനസിക രോഗമായും രാജ്യത്ത് കണക്കാക്കിയിരുന്നു.

2020ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടന പ്രകാരം ഒരും പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെ മാത്രമാണ് വിവാഹം എന്ന് നിര്‍വചിക്കുന്നത്.

Content Highlight: Russia to extent the ban on same sex relationships, gay propaganda law, to all adults