യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
World News
യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 3:10 pm

മോസ്‌കോ: റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി ഭീകരനെ കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്.

സംഭവത്തില്‍ എട്ട് ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെടിവെപ്പ് നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞു.

വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ത്ഥികള്‍ ക്യാംപസ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ റെന്‍ ടി.വിയാണ് ഫൂട്ടേജ് പുറത്തു വിട്ടത്.

തോക്കുധാരിയായ യുവാവ് യൂണിവേഴ്‌സിറ്റി കെട്ടിടത്തിലേക്ക് കടക്കുകയും പ്രകോപനമേതും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2004ലാണ് റഷ്യയെ നടുക്കിയ ബെല്‍സന്‍ സ്‌കൂള്‍ വെടിവെപ്പ് നടന്നത്. അന്ന് 330 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഈ സംഭവത്തിന് ശേഷം റഷ്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും കൃത്യമായ രീതിയിലുള്ള സംരക്ഷണമായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. സംഭവത്തെ അനുസ്മരിപ്പിക്കും വിധമാണ് പേം യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പിനേയും ആളുകള്‍ കാണുന്നത്.

നാല് മാസങ്ങള്‍ക്ക് മുന്‍പേ റഷ്യയിലെ ഒരു സ്‌കൂളിലും സമാനമായ സംഭവം നടന്നിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ റഷ്യയില്‍ പതിവില്ലാത്തതായിരുന്നെന്നും എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവകരമായി കാണുന്നുണ്ടെന്നുമാണ് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Russia shooting: Gunman kills several at Perm University