മോസ്‌കോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കാന്‍ തയ്യാറെന്ന് റഷ്യ. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയുമായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌ലോവ് കൂടിക്കാഴ്ച നടത്തിയതായും സഹായം വാഗ്ദാനം ചെയ്തതായും റഷ്യ അറിയിച്ചു.
നേരത്തെ ഇന്ത്യ-പാക് വിഷയത്തില്‍ റഷ്യ ഇടപെടണമെന്ന് റഷ്യയിലെ പാക് അംബാസിഡര്‍ മുഹമ്മദ് ഖാലിദ് ജമാലി ആവശ്യപ്പെട്ടിരുന്നു. താഷ്‌കന്റ് കരാറിന് സമാനമായ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പാക് അംബാസിഡര്‍ ആവശ്യപ്പെട്ടത്. ഇന്ത്യയും റഷ്യയും തമ്മില്‍ ശക്തമായ നയതന്ത്ര ബന്ധമാണുള്ളതെന്നും ഖാലിദ് ജമാലി പറഞ്ഞിരുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാക് അംബാസിഡര്‍ റഷ്യയുടെ സഹായം തേടിയത്.
ഇതിനുപിന്നാലെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സഹായം വാഗ്ദാനം ചെയ്തത്. രണ്ട് ദിവസം മുമ്പേ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി സെര്‍ജി സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് സെര്‍ജി ആവശ്യപ്പെട്ടിരുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ദാതാവും സുഹൃത്ത് രാജാവുമാണ് റഷ്യ. സോവിയറ്റ് കാലം മുതല്‍ക്കെ തുടരുന്ന ബന്ധം കൂടിയാണിത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വിളിച്ച് പുടിന്‍ ദുഃഖം രേഖപ്പെടുത്തുകയായിരുന്നു.
ഈ ക്രൂരതക്ക് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ആക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അക്രമികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു.
തീവ്രവാദ ശക്തികളെ ചെറുക്കാന്‍ ഇന്ത്യയ്ക്ക് പുടിന്‍ പൂര്‍ണ പിന്തുണയും ഉറപ്പുനല്‍കിയിരുന്നു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞിരുന്നു.
Content Highlight: Russia says it is ready to help resolve India-Pakistan issue