ഇത് ട്രംപിനെ കൊട്ടിയതോ? ഇന്ത്യയിലേക്ക് കയറ്റിയയക്കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ
Trending
ഇത് ട്രംപിനെ കൊട്ടിയതോ? ഇന്ത്യയിലേക്ക് കയറ്റിയയക്കുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 10:54 pm

മോസ്‌കോ: ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ. ബാരലിന് മൂന്ന് ഡോളര്‍ മുതല്‍ നാല് ഡോളര്‍ വരെ വില കുറയുമെന്നാണ് വിവരം. ഇന്നലെ നടന്ന മോദി-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റഷ്യയുടെ നിര്‍ണായകമായ തീരുമാനം.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കയറ്റുമതി ചെയ്യാനുള്ള ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കാനാണ് തീരുമാനമായത്. റഷ്യയുടെ തീരുമാനം ഇന്ത്യയ്ക്ക് വലിയ രീതിയില്‍ സഹായകമാകുമെന്നാണ് നിഗമനം.

2022 മുതലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ അധികമായി എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. ഒരു ശതമാനത്തില്‍ ആരംഭിച്ച എണ്ണ ഇറക്കുമതി ഇപ്പോള്‍ 40 ശതമാനം കടന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. റഷ്യയുടെ കടല്‍മാര്‍ഗമുള്ള റഷ്യന്‍ ക്രൂഡ് ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ. റഷ്യയുടെ പ്രധാനപ്പെട്ട വരുമാനമാര്‍ഗം കൂടിയാണിത്. എന്നാല്‍ ഇന്ത്യന്‍ ഇറക്കുമതിക്കുമേല്‍ യു.എസിന്റെ 50 ശതമാനം തീരുവ പ്രാബല്യത്തിലുള്ള സാഹചര്യത്തില്‍ കൂടിയാണ് റഷ്യ ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ തീരുവ വര്‍ധിപ്പിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അമേരിക്ക അധിക തീരുവ ചുമത്തിയത്. മുന്നറിയിപ്പ് ഉണ്ടായിട്ടും റഷ്യയുമായി ബന്ധം തുടര്‍ന്നതോടെ ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം കൂടി യു.എസ് തീരുവ ഏര്‍പ്പെടുത്തുകയായിരുന്നു.

ട്രംപ് തുടര്‍ച്ചയായി ഭീഷണി മുഴക്കിയതോടെ മംഗളുരു റിഫൈനറീസ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യ ഔദ്യോഗിമായി പ്രതികരണം നല്‍കിയിട്ടില്ല.

അതേസമയം ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിക്കിടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചക്ക് പിന്നാലെ പ്രയാസകരമായ സമയങ്ങളില്‍ പോലും ഇന്ത്യയും റഷ്യയും എപ്പോഴും തോളോട് തോള്‍ ചേര്‍ന്ന് നിന്നിട്ടുണ്ടെന്നും മോസ്‌കോയും ന്യൂദല്‍ഹിയും തമ്മിലുള്ള ബന്ധം ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.

Content Highlight: Russia reduces the price of crude oil exported to India