ലണ്ടന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്‌സി നവാല്‍നിയെ മാരകമായ വിഷം നല്‍കി റഷ്യന്‍ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യു.കെയും സഖ്യകക്ഷികളും.
നവാല്‍നിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും മാരക വിഷമായ എപ്പിബാറ്റിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
തെക്കേ അമേരിക്കയിലെ വിഷ ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്ന വിഷമാണ് എപ്പിബാറ്റിഡിന്‍. വിഷം ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പ്രേരണയും അവസരവും റഷ്യക്കുണ്ടായിരുന്നെന്ന് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യന്‍ ഭരണകൂടം കണ്ടത്. ഈ ആക്രമണത്തിലൂടെ റഷ്യന്‍ ഭരണകൂടം തങ്ങളുടെ കൈവശമുള്ള ഏറ്റവും നാണംകെട്ട ആയുധം പുറത്തെടുത്തെന്ന് വ്യക്തമായി. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളെ റഷ്യ ഭയക്കുന്നെന്ന് ഇതിലൂടെ വ്യക്തമായെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പ്രതികരിച്ചു.
നല്‍വാനിയെ 2024 ഫെബ്രുവരിയിലാണ് റഷ്യയിലെ ആര്‍ട്ടിക് പീനല്‍ കോളനി ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റഷ്യന്‍ ഭരണകൂടത്തിനെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് 19 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയവെയായിരുന്നു മരണം.
നവാല്‍നിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമായിരുന്നതായി അദ്ദേഹത്തിന്റെ പങ്കാളി യൂലിയ നവല്‍നയ ആരോപിച്ചിരുന്നു. പുടിനാണ് നവാല്‍നിയെ കൊലപ്പെടുത്തിയതെന്നായിരുന്നു യൂലിയയുടെ ആരോപണം.
ആദ്യം ദിവസം മുതല്‍ ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ വ്യക്തത വന്നെന്ന് യു.കെ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ ആരോപണം പുറത്തെത്തിയതിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ യൂലിയ പ്രതികരിച്ചു.
എന്നാല്‍, ജയിലില്‍ വെച്ച് അസുഖം ബാധിച്ച് സ്വാഭാവികമായ മരണമായിരുന്നു നവാല്‍നിക്ക് സംഭവിച്ചതെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ വിശദീകരണം.
Content Highlight: Russia poisoned Russian opposition leader Alexei Navalny: UK and allies