കീവ്: വീണ്ടും ഉക്രൈനില്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കീവ് സിറ്റിക്ക് മുകളില്‍ റഷ്യയുടെ ഡ്രോണ്‍ വര്‍ഷം. ഇന്ന് വെളുപ്പിനാണ് (വെള്ളി) ഉക്രൈനിനെതിരെ തങ്ങളുടെ ഏറ്റവും വലിയ ഡ്രോണ്‍, മിസൈല്‍ ആക്രമണം റഷ്യ നടത്തിയത്.
ആക്രമണത്തെ ചെറുക്കാന്‍ ഉക്രൈന്‍ സേന പാടുപെടുകയാണെന്നും ഡ്രോണ്‍ വര്‍ഷത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും എ.എഫ്.പി ജേണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഫോണ്‍ സംഭാഷണത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഒന്നും തന്നെ വ്ളാദിമര്‍ പുടിന്‍ സ്വീകരിച്ചില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തങ്ങളുടെ യുദ്ധലക്ഷ്യങ്ങള്‍ പിന്തുടരുമെന്ന് റഷ്യ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും തമ്മിലുള്ള ഫോണ്‍ കോള്‍ അവസാനിച്ചതിന് ശേഷം ഉക്രൈനില്‍ ആകമാനം വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങിത്തുടങ്ങിയതായി ഉക്രൈനിയന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. യാതൊരു വിധത്തിലുമുള്ള സമ്മര്‍ദങ്ങളും ഇല്ലാതെ റഷ്യ നടത്തുന്ന വിഢിത്തത്തിന്റെ തെളിവാണ് ഇതെല്ലാമെന്നും സെലന്‍സ്‌കി പറയുകയുണ്ടായി.
ഇന്ന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 539 റഷ്യന്‍ ഡ്രോണുകളും 11 മിസൈലുകളുമാണ് റഷ്യ കീവിലേക്ക് തൊടുത്തുവിട്ടത്. ഉക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഏറ്റവും വലുതാണിതെന്ന് രാജ്യത്തിന്റെ വ്യോമസേന പ്രതിനിധി ഉക്രേനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.