മോസ്‌കോ: ഇറാനിലേക്ക് 13 ടണ്‍ മാനുഷിക സഹായമെത്തിച്ച് റഷ്യ. അസര്‍ബൈജാന്‍ വഴിയാണ് സഹായമെത്തിച്ചതെന്ന് റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
ഇറാന് കൈമാറുന്നതിനായി കൂടുതല്‍ മരുന്നുകള്‍ അടങ്ങിയ ട്രക്കുകള്‍ അസര്‍ബൈജാനില്‍ എത്തിച്ചതായും മന്ത്രാലയം പറയുന്നു. ഇത് ഉടന്‍ തന്നെ ഇറാനില്‍ എത്തിച്ചേരുമെന്നും റഷ്യ അറിയിച്ചു.
പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിര്‍ദേശമനുസരിച്ചാണ് ഇറാനില്‍ സഹായം എത്തിച്ചതെന്നും മന്ത്രാലയം പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിച്ച് അമേരിക്കയും ഇസ്രഈലും ചര്‍ച്ച പുനരാരംഭിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം വീണ്ടെടുക്കുന്നതിനായി നയതന്ത്ര പാതയിലേക്ക് മടങ്ങണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു.
പശ്ചിമേഷ്യയിലെ സാഹചര്യം അങ്ങേയറ്റം ദുഷ്‌കരമായി മാറിയിരിക്കുകയാണെന്നും സഖാരോവ മുന്നറിയിപ്പ് നല്‍കി. ഉക്രൈനെതിരായ റഷ്യന്‍ യുദ്ധം അഞ്ചാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സഖാരോവയുടെ നിര്‍ദേശം.
നേരത്തെ അസര്‍ബൈജാനും ഇറാനില്‍ സഹായമെത്തിച്ചിരുന്നു. 30 ടണ്‍ ഭക്ഷ്യവസ്തുക്കളും രണ്ട് ടണ്‍ മരുന്നുകളുമടങ്ങുന്ന ട്രക്കുകളാണ് ഇറാനിലേക്ക് കടത്തിവിട്ടത്.
ഇതില്‍ 10 ടണ്‍ മാവ്, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, നാല് ടണ്ണിലധികം കുടിവെള്ളം, 600 കിലോയോളം വരുന്ന തേയില തുടങ്ങിയവയാണ് ഉണ്ടായിരുന്നത്.
ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തു.
യു.എസും ഇസ്രഈലും ഇനിയും ആക്രമണം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യാക്രമണം തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കം 1,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലെ മിനാബ് എന്ന പ്രദേശത്തെ സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 175 പേരാണ് മരിച്ചത്.
Content Highlight: Russia delivers 13 tons of aid to Iran; calls for talks to resume