വാഷിങ്ടണ്‍: ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ചൈനയും റഷ്യയും പോലുള്ള എതിരാളികള്‍ പല പ്രധാന മേഖലകളിലും അമേരിക്കയ്ക്ക് ശക്തമായ വെല്ലുവിളിയാണെന്നും ജെ.ഡി വാന്‍സ് വ്യക്തമാക്കി.
സൈനിക, ബഹിരാകാശ, സാങ്കേതിക, സാമ്പത്തിക മേഖലകളില്‍ അമേരിക്കന്‍ ശക്തിയെ വെല്ലുവിളിക്കുന്ന ചൈന, റഷ്യ, മറ്റ് രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഭീഷണികളിലേക്കും വാന്‍സ് ചൂണ്ടിക്കാട്ടി.
മേരിലാന്‍ഡില്‍ അന്നാപോളിസിലെ നാവിക സേന അക്കാദമിയില്‍ സംസാരിക്കവേയാണ് വാന്‍സിന്റെ പരാമര്‍ശം. വായു, കടല്‍, ബഹിരാകാശം, സൈബര്‍സ്‌പേസ് എന്നിവിടങ്ങളില്‍ അമേരിക്കയ്ക്ക് വെല്ലുവിളിക്കാനാകാത്ത ആധിപത്യമാണ് ലഭിച്ചതെന്നും ആഗോള ഭൂപ്രകൃതി മാറിയിരിക്കുന്നുവെന്നും വാന്‍സ് മുന്നറിയിപ്പ് നല്‍കി.
ശീതയുദ്ധത്തിന് ശേഷം അമേരിക്കന്‍ പ്രാഥമികത ഉറപ്പാക്കപ്പെട്ടുവെന്ന് യു.എസ് നേതാക്കള്‍ കരുതിയിരുന്നുവെന്നും ഒരു രാജ്യത്തിനും അമേരിക്കയുമായി മത്സരിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ലെന്നും വാന്‍സ് പറഞ്ഞു.
യുദ്ധത്തിന് ശേഷം അമേരിക്ക സോഫ്റ്റ് പവറിലും വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങിയെന്നും എന്നാലും വിദേശനയത്തോടുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള സമീപനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.