ഡോളറിനെതിരെ രൂപയുടെ മൂല്യം 75 ലെത്തുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്; ആശങ്കയോടെ ഇന്ത്യന്‍ വ്യാപാരമേഖല
national news
ഡോളറിനെതിരെ രൂപയുടെ മൂല്യം 75 ലെത്തുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച്; ആശങ്കയോടെ ഇന്ത്യന്‍ വ്യാപാരമേഖല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th December 2018, 6:24 pm

ന്യൂദല്‍ഹി: രൂപ സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ച നേരിടുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് വിലയിരുത്തി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 75 ലെത്തുമെന്നാണ് ഫിച്ചിന്റെ കണക്ക് കൂട്ടല്‍. 2019 അവസാനത്തോടെ വിനിമയ മൂല്യം 75ലെത്തുമെന്നാണ് പ്രവചനം.

കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.

അഞ്ച് വര്‍ഷത്തിനിടെ ഡോളറിനെതിരെ ഏറ്റവും കുറഞ്ഞ വിനിമയ മൂല്യത്തില്‍ രൂപ എത്തിയത് ഈ കൊല്ലമാണ്. എന്നാല്‍ മെയില്‍ ചെറിയ മുന്നേറ്റം നടത്തിയിരുന്നു. ഇനിയും ഇടിയുമെന്നാണ് പ്രവചനം.

ALSO READ: മഹാപ്രളയം; കേരളത്തിന് 3048 കോടിയുടെ കേന്ദ്ര സഹായം

ഇന്ത്യന്‍ കറന്‍സിക്ക് പുറമെ പല ഏഷ്യന്‍ കറന്‍സികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 70 രൂപ 93 പൈസയാണ് ഇന്നത്തെ രൂപയുടെ ഡോളറിനെതിരെയുള്ള വിപണന മുല്യം.

അടുത്ത കൊല്ലം ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഡോളറിനെതിരെ രൂപയുടെ വില ക്രമാതീതമായി കുറയുന്നത് ബി.ജെ.പിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ലോകത്ത് നിലവിലുള്ള മൂന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ പ്രധാനിയാണ് ഫിച്ച്. അമേരിക്കയിലെ ന്യൂയോര്‍ക്കും ഇംഗ്ലണ്ടിലെ ലണ്ടനും കേന്ദ്രീകരിച്ചാണ് ഫിച്ചിന്റെ പ്രവര്‍ത്തനം.