ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കുറിപ്പുകളുള്‍പ്പെടെയുള്ള പേപ്പറുകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും (പി.എം.എം.എല്‍) സോണിയ ഗാന്ധി തിരികെ നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ്.
രാജ്യത്ത് വായു മലിനീകരണവും രൂപയുടെ ഇടിവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും കേന്ദ്രത്തിന് മുന്നില്‍ നെഹ്‌റു മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദ് വിമര്‍ശിച്ചു.
‘കേന്ദ്രത്തിന്റെ സ്വപ്‌നങ്ങളില്‍ പോലും നെഹ്‌റുവാണ് പ്രത്യക്ഷപ്പെടുന്നത്. ദല്‍ഹിയിലെ ജനങ്ങള്‍ ശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ്.
ഡോളറിനെതിരെ രൂപ ദുര്‍ബലമാവുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണ് എന്നിട്ടും ഈ വിഷയങ്ങളെ കുറിച്ച് കേന്ദ്രത്തിന് ഒരു ആശങ്കയുമില്ല,’ മസൂദ് കുറ്റപ്പെടുത്തി.
#WATCH | Delhi: On Central Government asks Congress Leader Sonia Gandhi to return 51 cartons of former PM Jawaharlal Nehru’s papers, Congress MP Imran Masood says, “… They have nothing left other than Nehru. Even in their dreams, Nehru appears. Breathing is becoming difficult… pic.twitter.com/yJHIVOeMIb
— ANI (@ANI) December 18, 2025
നേരത്തെ, നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായെന്ന ആരോപണത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. കാണാതായ പേപ്പറുകള്‍ എവിടെയാണെന്ന് വ്യക്തമാണ്. നെഹ്‌റുവിന്റെ കത്തുകള്‍ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. അതിനെ സ്വകാര്യ സ്വത്തായി കണക്കാക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.



