ന്യൂദല്‍ഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഇതോടെ ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയായി മാറിയിരിക്കുകയാണ് രൂപ.
ആറ് മാസത്തിനിടെ ആദ്യമായി റിപ്പോ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയെ തുടര്‍ന്നാണ് രൂപ കൂപ്പുകുത്തിയത്. ഈ വര്‍ഷം രൂപ ഡോളറിനെതിരെ അഞ്ച് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോളറിനെതിരെ വെള്ളിയാഴ്ച്ച വിദേശനാണയ വിനിമയ വിപണിയില്‍ 89.85 ല്‍ തുടങ്ങി 20 പൈസ നേട്ടത്തില്‍ 89.69 ല്‍ എത്തിയിരുന്നു,എന്നാല്‍ ആര്‍.ബി. ഐ പണനയ പ്രഖ്യാപനം കാരണം 16 പൈസ നഷ്ടത്തിലായി 90.05 ലേക്കെത്തി. എന്നാല്‍ നിലമെച്ചെപ്പെടുത്തിയതിനെ തുടര്‍ന്ന് 89.94 ല്‍ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള തിരിച്ച് വരവിലൂടെ മാത്രമേ ആര്‍.ബി .ഐയുടെ നടപടിയെ മറികടക്കാന്‍ രൂപയ്ക്ക് സാധിക്കുകയുള്ളു.
എന്നാല്‍ രൂപയെ പിടിച്ചുനിര്‍ത്തേണ്ടത് റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യമല്ലെന്നും മൂല്യം നിലനിര്‍ത്തേണ്ടത് വിപണിയാണെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
എന്നാല്‍ രൂപയുടെ മൂല്യ തകര്‍ച്ചയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ‘സര്‍ക്കാര്‍ എന്ത് കൊട്ടിഘോഷിച്ചാലും രൂപയുടെ മൂല്യത്തിന്റെ ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ് കാണിക്കുന്നത് , ദിനം പ്രതി രൂപയുടെ മൂല്യം കുറഞ്ഞുവരികയാണ്. രാജ്യത്തോട് നിങ്ങള്‍ മറുപടി പറയേണ്ടതുണ്ടെന്നും’ ഖാര്‍ഗെ ആവശ്യപ്പെട്ടു