2026 ടി – 20 ലോകകപ്പിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങളും അനിശ്ചിതത്വങ്ങളും വര്‍ധിക്കുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ടൂര്‍ണമെന്റിനായി ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.
മുസ്തഫിസുര്‍ റഹ്‌മാനെ ഐ.പി.എല്ലില്‍ നിന്ന് ഒഴിവാക്കിയതോടെ തങ്ങളുടെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.സി.ബി, ഐ.സി.സിക്ക് കത്തെഴുതിയിരുന്നു. അക്കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കെയാണ് പാക് വംശജനായ താരത്തിന് വിസ നിഷേധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നത്. യു.എസ്.എ ഫാസ്റ്റ് ബൗളര്‍ അലി ഖാനാണ് ഇന്ത്യന്‍ വിസ നിഷേധിക്കപ്പെട്ടത്.
Zimbabwe will boycott T20 World Cup if their captain Sikandar Raza is refused Indian visa. 🇮🇳🇿🇼🚨 pic.twitter.com/uB0Q8TCF4O
സിംബാബ്‌വെയുടെ ബഹിഷ്‌കരണ ആരോപണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ടീം വൃത്തങ്ങളോ ഐ.സി.സിയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
എന്നാല്‍, സിംബാബ്‌വെയുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ആദം തിയോ ഈ ഊഹാപോഹങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. സിംബാബ്‌വെയുടെ ടി – 20 ലോകകപ്പ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, റാസ ഇതിന് മുമ്പും ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. താരം രണ്ട് സീസണില്‍ ഐ.പി.എല്ലില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. 2023, 2024 സീസണില്‍ പഞ്ചാബ് കിങ്സ് ടീമിന്റെ ഭാഗമായായിരുന്നു.
ഫെബ്രുവരിയില്‍ തുടങ്ങുന്ന ലോകകപ്പില്‍ സിംബാബ്‌വെ ഗ്രൂപ്പ് ബിയിലാണ്. ഓസ്‌ട്രേലിയ, ശ്രീലങ്ക, അയര്‍ലാന്‍ഡ്, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.