ഇങ്ങനെയാണെങ്കില്‍ ജന നായകന്‍ ലീക്കായതില്‍ വിജയ് ഫാന്‍സ് ഹാപ്പിയാകും, നിര്‍മാതാവിന്റെ നഷ്ടം നികത്താന്‍ ഒരു സിനിമ കൂടി ചെയ്യാനൊരുങ്ങി ദളപതി?
Indian Cinema
ഇങ്ങനെയാണെങ്കില്‍ ജന നായകന്‍ ലീക്കായതില്‍ വിജയ് ഫാന്‍സ് ഹാപ്പിയാകും, നിര്‍മാതാവിന്റെ നഷ്ടം നികത്താന്‍ ഒരു സിനിമ കൂടി ചെയ്യാനൊരുങ്ങി ദളപതി?
അമര്‍നാഥ് എം.
Monday, 13th April 2026, 3:35 pm

മറ്റൊരു സിനിമയും നേരിടാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് വിജയ് ചിത്രം ജന നായകന് നേരിടേണ്ടി വരുന്നത്. തിയേറ്ററിലെത്താന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ റിലീസ് മാറ്റിവെക്കേണ്ടിവന്ന ജന നായകന്‍ ഇപ്പോഴും പെട്ടിയില്‍ കിടക്കുകയാണ്. തമിഴ്‌നാട് ഇലക്ഷന് മുമ്പ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ നിര്‍മാതാക്കള്‍ പരമാവധി ശ്രമിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ഇലക്ഷന് ശേഷമെങ്കിലും ചിത്രം തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞദിവസം ഇന്റര്‍നെറ്റില്‍ ജന നായകന്‍ ലീക്കായിരുന്നു. ചിത്രം ലീക്കായതിന് പിന്നാലെ നിര്‍മാതാക്കള്‍ ഇടപെട്ട് പ്രിന്റ് നീക്കം ചെയ്‌തെങ്കിലും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഇപ്പോഴും എക്‌സില്‍ പ്രചരിക്കുകയാണ്. 450 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് ഇത്ര വലിയ തിരിച്ചടി നേരിട്ടതില്‍ നിര്‍മാതാക്കള്‍ നിരാശയിലാണ്.

ജന നായകന്‍ Photo: Theatrical poster

ഇത്രയും വലിയ പ്രശ്‌നത്തിന് ശേഷം തിയേറ്ററുകളില്‍ ചിത്രം പുറത്തിറക്കുമ്പോള്‍ വലിയ നഷ്ടം തന്നെയാകും നിര്‍മാതാക്കള്‍ നേരിടേണ്ടിവരിക. റിലീസിന് മുമ്പ് ചിത്രം ലീക്കായത് കളക്ഷനെ ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നിര്‍മാതാക്കളുടെ നഷ്ടം നികത്താന്‍ വേണ്ടി വിജയ് മറ്റൊരു ചിത്രം ചെയ്‌തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിനിമാജീവിതം മുഴുവനായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയാണെന്നാണ് വിജയ് അറിയിച്ചത്. എന്നാല്‍ അവസാന സിനിമ കാരണം നിര്‍മാതാവിന് നഷ്ടം വരുമെന്ന കണക്കുകൂട്ടലാണ് മറിച്ച് ചിന്തിക്കാന്‍ വിജയ്‌യെ പ്രേരിപ്പിച്ചതെന്നാണ് സിനിമാപേജുകള്‍ കരുതുന്നത്. ഇലക്ഷന് ശേഷമാകും താരം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.

ഇഷ്ടനടന്റെ അവസാന ചിത്രം വേണ്ടരീതിയില്‍ ആഘോഷമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലിരിക്കുന്ന ആരാധകര്‍ക്ക് ഈ റിപ്പോര്‍ട്ട് സന്തോഷം നല്‍കിയേക്കും. രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം പാരലലായിട്ടാകും ഈ ചിത്രം വിജയ് പൂര്‍ത്തിയാക്കുക. പ്രതിഫലം വാങ്ങാതെയാകും ഈ ചിത്രം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദളപതി ബോയ്‌സ് എന്ന് അറിയപ്പെടുന്ന അറ്റ്‌ലീ- നെല്‍സണ്‍- ലോകേഷ് എന്നിവരില്‍ ആരെങ്കിലുമാകും ഈ പ്രൊജക്ട് സംവിധാനം ചെയ്യുകയെന്നും റൂമറുകളുണ്ട്. എന്നാല്‍ മൂന്ന് സംവിധായകരും വമ്പന്‍ സിനിമകളുടെ തിരക്കിലായതിനാല്‍ മറ്റേതെങ്കിലും സംവിധായകനും സാധ്യതയുണ്ട്. ദളപതി 70ന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ജനുവരി ഒമ്പതിന് തിയേറ്ററിലെത്തേണ്ട ജന നായകനെ വെട്ടിലാക്കിയത് സെന്‍സര്‍ ബോര്‍ഡായിരുന്നു. പ്രദര്‍ശനാനുമതി ലഭിക്കാന്‍ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ ബൂസ്റ്റ് ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കിയിരുന്നു.

Content Highlight: Rumors that Vijay will do a movie for compensate the loss of Jana Nayagan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം