ഡൂംസ്‌ഡേയില്‍ സ്‌പൈഡര്‍മാനുണ്ട്, പക്ഷേ ടോം ഹോളണ്ടല്ല?
Trending
ഡൂംസ്‌ഡേയില്‍ സ്‌പൈഡര്‍മാനുണ്ട്, പക്ഷേ ടോം ഹോളണ്ടല്ല?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th October 2025, 11:00 pm

ലോകസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ. മാര്‍വലിന്റെ ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. നായകനായി മാര്‍വലില്‍ തിളങ്ങിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഇത്തവണ വില്ലനായാണ് വേഷമിടുന്നത്. ഡോക്ടര്‍ ഡൂമായി ആര്‍.ഡി.ജെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

മാര്‍വലിലെ പല സൂപ്പര്‍ഹീറോകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സര്‍പ്രൈസ് വല്ലതുമുണ്ടോ എന്ന കാര്യത്തില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ലോകമെമ്പാടും ആരാധകരുള്ള സ്‌പൈഡര്‍മാന്‍ ഡൂംസ്‌ഡേയുടെ ഭാഗമാകുന്നുണ്ടോ എന്നുള്ള ചോദ്യം ആദ്യം മുതലേ ഉയരുന്നുണ്ടായിരുന്നു.

കാസ്റ്റ് ലിസ്റ്റില്‍ ടോം ഹോളണ്ടിന്റെ പേരില്ലാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുനസരിച്ച് ഡൂംസ്‌ഡേയില്‍ സ്‌പൈഡര്‍മാന്‍ ഭാഗമാകുന്നുണ്ട്. എന്നാല്‍ അത് ടോം ഹോളണ്ടല്ലെന്നും മറ്റൊരു താരമാണെന്നും കേള്‍ക്കുന്നു. മള്‍ട്ടിവേഴ്‌സിന്റെ സാധ്യതകള്‍ അനന്തമായതിനാല്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള മറ്റൊരു സ്‌പൈഡര്‍മാനാകും ഡൂംസ്‌ഡേയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് അഭ്യൂഹങ്ങള്‍.

90s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ടോബി മഗ്വയറാകും ഡൂംസ്‌ഡേയുടെ ഭാഗമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സ്‌പൈഡര്‍മാന്‍ നോ വേ ഹോമില്‍ ടോബിയുടെ ഇന്‍ട്രോക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌പൈഡര്‍മാനെന്ന് പറഞ്ഞാല്‍ ഇപ്പോഴും പലര്‍ക്കും ടോബിയാണ്.

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ മള്‍ട്ടിവേഴ്‌സിലെ മറ്റ് സ്‌പൈഡര്‍മാന്‍ വേഷമിടുന്നില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും സിനിമ കാണുന്ന പ്രേക്ഷകനെ ഞെട്ടിക്കാന്‍ പാകത്തിന് എന്തെങ്കിലും സര്‍പ്രൈസ് മാര്‍വല്‍ ഒരുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

2026 ഡിസംബറിലാണ് ഡൂംസ്‌ഡേ തിയേറ്ററുകളിലെത്തുക. ഹോളിവുഡിലെ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രിസ് ഹെംസ്‌വര്‍ത്ത്, റയാന്‍ റെയ്‌നോള്‍ഡ്‌സ്, മാര്‍ക്ക് റുഫല്ലോ, ടോം ഹിഡിള്‍സ്റ്റണ്‍, വനേസ കിര്‍ബി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമാചരിത്രത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ഡൂംസ്‌ഡേയ്ക്ക് മുന്നില്‍ തകരുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Toby Maguire will be a part of Avengers Doomsday