സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 47. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചെന്നൈയാണ്. ആക്ഷന്‍ കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രത്തിന് ആരാധകരും വലിയ ഹൈപ്പാണ് നല്‍കുന്നത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ സൂര്യയുടെ ആക്ഷന്‍ സീനില്‍ മോഹന്‍ലാലിന്റെ ഹിറ്റ് ഗാനം ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ഛോട്ടാ മുംബൈയിലെ പാട്ടിനാണ് സൂര്യയുടെ വക ആക്ഷന്‍ സീനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘വാസ്‌കോഡ ഗാമ’യാണോ ‘ചെട്ടിക്കുളങ്ങര’യാണോ ഈ പാട്ടെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. മോഹന്‍ലാലിന്റെ ഫാന്‍ബോയ് ആയ ജിത്തു മാധവന്‍ ഈ ആക്ഷന്‍ സീന്‍ എങ്ങനെ ഒരുക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. സൂര്യക്കൊപ്പം നസ്‌ലെനും ഈ സീനിലുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ട്രാന്‍സ്ഫറായെത്തുന്ന പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രത്തിന്റേത്. കൊച്ചിയില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്ത ചിത്രം പിന്നീട് ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. മലയാളികള്‍ കാരണം പ്രശ്‌നത്തിലാകുന്ന പൊലീസ് ഓഫീസറുടെ വേഷമാണ് സൂര്യയുടേതെന്നും റൂമറുകളുണ്ട്.
സൂര്യക്ക് പണി കൊടുക്കുന്ന പയ്യനായിട്ടാകും നസ്‌ലെന്‍ വേഷമിട്ടേക്കുക. കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തില്‍ ക്രേസിയായിട്ടുള്ള കഥാപാത്രമാണ് നസ്‌ലെന്റേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളികളുടെ സ്വന്തം നസ്രിയയാണ് ചിത്രത്തിലെ നായിക. ഏറെക്കാലത്തിന് ശേഷമാണ് നസ്രിയ ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നതെന്നത് സൂര്യ 47ന്റെ ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.
ക്യാമറക്ക് മുന്നില്‍ മാത്രമല്ല, പിന്നിലും മലയാളികളുടെ നീണ്ടനിര തന്നെയാണ് ചിത്രത്തിലുള്ളത്. സുഷിന്‍ ശ്യാം സംഗീതസംവിധാനം ചെയ്യുമ്പോള്‍ വിഷ്ണു പാലോടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഷര്‍ ഹംസയാണ് കോസ്റ്റിയൂം ഡിസൈനര്‍. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
Content Highlight: Rumors that there is action sequence of Suriya with the song from Chotta Mumbai movie in Suriya 47