അന്ന് അഡ്വക്കേറ്റ് ചന്ദ്രു, ഇനി വരാന്‍ പോകുന്നത് അഞ്ച് രൂപാ ഡോക്ടര്‍, കരിയറിലെ മറ്റൊരു കിടിലന്‍ റോളുമായി സൂര്യ
Indian Cinema
അന്ന് അഡ്വക്കേറ്റ് ചന്ദ്രു, ഇനി വരാന്‍ പോകുന്നത് അഞ്ച് രൂപാ ഡോക്ടര്‍, കരിയറിലെ മറ്റൊരു കിടിലന്‍ റോളുമായി സൂര്യ
അമര്‍നാഥ് എം.
Sunday, 7th June 2026, 8:52 pm

ഏറെക്കാലമായി തിയേറ്ററില്‍ നല്ലൊരു ഹിറ്റില്ലാത്തതിന്റെ എല്ലാ ക്ഷീണവും കറുപ്പ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തീര്‍ത്തിരിക്കുകയാണ് സൂര്യ. വലിയ പ്രതീക്ഷയൊന്നുമില്ലാതിരുന്ന ചിത്രം മൂന്നാഴ്ച കൊണ്ട് മുന്നൂറ് കോടിയിലേറെ നേടി ചരിത്രമെഴുതിയിരിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് കറുപ്പ്.

ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് നടത്തിയ സൂര്യയുടെ ലൈനപ്പും പ്രതീക്ഷ നല്‍കുന്നവയാണ്. റിലീസാകാന്‍ പോകുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സും ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന സൂര്യ 47 ഉം ഗംഭീര വിജയമാകുമെന്നാണ് കരുതുന്നത്. ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം താരത്തിന്റേതായി ഒരുങ്ങുന്ന പ്രൊജക്ടുകളും പ്രതീക്ഷ നല്‍കുന്നവയാണ്.

ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേലുമായി സൂര്യ ഒന്നിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൊവിഡ് കാരണം നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രം പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. ഇതേ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ശക്തമായ കഥ തന്നെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ജയ് ഭീം പോലെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രവും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

പാവങ്ങളുടെ കണ്ണീരൊപ്പിയ ഡോക്ടര്‍ തിരുവെങ്കടം വീരരാഘവന്റെ കഥയാണ് സിനിമയാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ എറുക്കാഞ്ചേരിയില്‍ ജീവിതകാലം മുഴുവന്‍ അഞ്ച് രൂപക്ക് ആളുകളെ ചികിത്സിച്ചയാളാണ് തിരുവെങ്കടം വീരരാഘവന്‍. സാമൂഹ്യ സേവനത്തിന് ബഹുമതിയായി രാജ്യം പ്ദമശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.

സൂര്യ 47ന്റെ ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമാകും ഈ പ്രൊജക്ട് ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള പുതിയ പ്രൊഡക്ഷന്‍ ഹൗസായ ഴഗരം സ്റ്റുഡിയോസാകും ഈ പ്രൊജക്ട് നിര്‍മിക്കുക. പാ. രഞ്ജിത്തുമായുള്ള പ്രൊജക്ടിനെക്കുറിച്ചും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ നിലവില്‍ സര്‍പ്പാട്ട പരമ്പരൈ 2 അടക്കം രണ്ട് സിനിമകള്‍ ലൈനപ്പിലുള്ളതിനാല്‍ പാ. രഞ്ജിത്തുമായുള്ള പ്രൊജക്ട് വൈകിയേക്കും.

മലയാളിയായ നഹാസ് ഹിദായത്തിന്റെ പേരും സൂര്യയുടെ സംവിധായകരുടെ ലിസ്റ്റില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വിശ്വനാഥ് ആന്‍ഡ് സണ്‍സും സൂര്യ 47 ഉം ഹിറ്റായാല്‍ പ്രൈം സൂര്യയുടെ പീക്ക് സ്റ്റാര്‍ഡം കാണാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. വിജയ്‌യുടെ പിന്‍വാങ്ങലും അജിത് റേസിലേക്ക് ശ്രദ്ധ നല്‍കിയതും സൂര്യക്ക് മുതലെടുക്കാനായാല്‍ കോളിവുഡിലെ ടൈര്‍ വണ്‍ താരത്തിന്റെ കൈകളിലാകുമെന്ന് ഉറപ്പാണ്.

Content Highlight: Rumors that Suriya joining hands with TJ Gnanavel again after Jai Bhim

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം