ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 46. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരിയുമായി സൂര്യ കൈകോര്‍ക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ഈ വര്‍ഷം മേയില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരുന്നു. ഹൈദരബാദ്, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് സൂര്യ 46ന്റെ ഷൂട്ട് പുരോഗമിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായിരിക്കുകയാണ്. ക്യാമറമാന്‍ നിമിഷ് രവിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരബാദിലായിരുന്നു ചിത്രത്തിന്റെ അവസാനരംഗം ഷൂട്ട് ചെയ്തത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ പീരിയഡ് ഡ്രാമയായി ഒരുക്കിയ വെങ്കി ഇത്തവണ ട്രാക്ക് മാറ്റിപ്പിടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫാമിലി ഡ്രാമ ഴോണറിലാണ് വെങ്കി സൂര്യ 46 ഒരുക്കുന്നത്.
സൂര്യ 46 പാക്കപ്പ് Phot: Movie Tamil/ X.com
‘വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്’ എന്നാകും ചിത്രത്തിന്റെ ടൈറ്റിലെന്നാണ് പുറത്തുവരുന്ന വിവരം. ബിസിനസ്മാന്‍ വേഷമാണ് സൂര്യക്ക് ഈ ചിത്രത്തിലെന്നും റിപ്പോര്‍ട്ടുണ്ട്. സൂര്യയുടെ സഹോദരിയായി ബോളിവുഡ് താരം രവീണ ടണ്ഡനാണ് വേഷമിടുന്നത്. ചിത്രത്തിലെ നായികയായ മമിത ബൈജു രവീണയുടെ മകളായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാധിക ശരത്കുമാറും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിടുതലൈയിലൂടെ ശ്രദ്ധ നേടിയ ഭവാനി ശ്രീയും സൂര്യ 46ന്റെ ഭാഗമാണ്. 2026 സമ്മര്‍ റിലീസാണ് സൂര്യ 46 ലക്ഷ്യമിടുന്നത്. എന്നാല്‍ സൂര്യയും ആര്‍.ജെ ബാലാജിയും ഒന്നിക്കുന്ന കറുപ്പ് റിലീസാകാത്തത് സൂര്യ 46ന്റെ റിലീസും തുലാസിലാക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഷൂട്ട് ആരംഭിച്ച കറുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ചെന്നൈയില്‍ ചിത്രത്തിന്റെ പാച്ച് വര്‍ക്ക് ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്റെ ബാക്കി പണികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ റിലീസ് ഉറപ്പിക്കാനാകുള്ളൂ. ദീപാവലിക്ക് പുറത്തിറങ്ങേണ്ട ചിത്രം നീണ്ടുപോകുന്നതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.
നിലവില്‍ ജനുവരി 23നാണ് കറുപ്പ് പുറത്തിറങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഡേറ്റും മാറാന്‍ സാധ്യതയുണ്ടെന്നും മാര്‍ച്ചിലേക്ക് റിലീസ് നീട്ടുമെന്നുമാണ് പുറത്തുവരുന്ന വിവരം. അങ്ങനെ സംഭവിച്ചാല്‍ സൂര്യ 46ന്റെ റിലീസും നീണ്ടുപോകും. വലിയൊരു ഹിറ്റ് ആവശ്യമുള്ള സൂര്യയുടെ സിനിമകള്‍ റിലീസിന് നേരിടുന്ന പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
സൂര്യ 47ന്റെ പൂജ
സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന സൂര്യ 47ന്റെ ഷൂട്ട് ഇതിനോടകം ആരംഭിച്ചു. കൊച്ചിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും. ഈ മാസം അവസാനത്തോടെയാകും സൂര്യ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. സൂര്യക്ക് പുറമെ നസ്രിയ, നസ്‌ലെന്‍, ആനന്ദ് രാജ് എന്നിവരും ചിത്രത്തില്‍ അണിനിരിക്കുന്നുണ്ട്. സുഷിന്‍ ശ്യാമാണ് സൂര്യ 47ന്റെ സംഗീതം.
Content Highlight: Rumors that Suriya 46 movie title will be Viswanathan and Sons