എല്‍.സി.യുവും ടൈം ട്രാവലുമല്ല, കൂലിയില്‍ ലോകേഷ് ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് ശിവകാര്‍ത്തികേയന്‍?
Indian Cinema
എല്‍.സി.യുവും ടൈം ട്രാവലുമല്ല, കൂലിയില്‍ ലോകേഷ് ഒളിപ്പിച്ചുവെച്ച സര്‍പ്രൈസ് ശിവകാര്‍ത്തികേയന്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 3:04 pm

തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ രജിനിയും ലോകേഷും ഒരുങ്ങിക്കഴിഞ്ഞു. എഴ് ദിവസങ്ങള്‍ക്ക് ശേഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ കൂലി പുറത്തിറങ്ങുകയാണ്. രജിനിയുടെ 171ാമത് ചിത്രമായി ഒരുങ്ങുന്ന കൂലി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ വരവേല്പാണ് ലഭിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ കൂലിയുടെ ഹൈപ്പ് വാനോളം ഉയര്‍ത്തുന്നതായിരുന്നു. കഥയെക്കുറിച്ച് അധികം വിശദീകരിക്കാത്ത, എന്നാല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നത്. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ കൂലിയുടെ കഥയെക്കുറിച്ച് പല തരത്തിലുള്ള ഫാന്‍ തിയറികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ടൈം ട്രാവലാണെന്നും സയന്‍സ് ഫിക്ഷനാണെന്നുമുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചെങ്കിലും സംവിധായകന്‍ ലോകേഷ് കനകരാജ് അതെല്ലാം തള്ളിക്കളഞ്ഞു. സൈ ഫൈ ഴോണറിലുള്ള ചിത്രമല്ല കൂലിയെന്നും പ്രേക്ഷകര്‍ക്ക് കുറച്ചധികം സര്‍പ്രൈസുകള്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോഴിതാ കൂലിയില്‍ ശിവകാര്‍ത്തികേയനും പ്രധാനവേഷത്തിലെത്തിയേക്കുമെന്നുള്ള റൂമറുകളാണ് പുറത്തുവരുന്നത്. അണിയറപ്രവര്‍ത്തകര്‍ ആമിര്‍ ഖാന്റെ അതിഥിവേഷം പരസ്യമാക്കിയിരുന്നെങ്കിലും വേറെയും താരങ്ങളുടെ സാന്നിധ്യമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് തെലുങ്കിലെ വിതരണക്കാര്‍ ട്വീറ്റ് ചെയ്‌തെങ്കിലും അണിയറപ്രവര്‍ത്തകര്‍ അത് നിരസിച്ചിരുന്നു.

രജിനിയുടെ കടുത്ത ആരാധകനായ ശിവകാര്‍ത്തികേയന്‍ കൂലിയില്‍ അതിഥിവേഷം ചെയ്യുന്നുണ്ടെങ്കില്‍ അത് തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. രജിനിയുടെ ബയോപിക് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ആരെ കാസ്റ്റ് ചെയ്യുമെന്ന ചോദ്യത്തിന് ലോകേഷ് പറഞ്ഞ ഒരു പേര് ശിവകാര്‍ത്തികേയന്റേതായിരുന്നു. കൂലിയുടെ ക്രൂവിനോടൊപ്പമുള്ള ശിവയുടെ ചിത്രവും ഈയിടെ വൈറലായിരുന്നു.

ബോളിവുഡ് ബിഗ്ഗിയായ വാര്‍ 2വിനൊപ്പമാണ് കൂലി ക്ലാഷിനൊരുങ്ങുന്നത്. വയലന്‍സിന്റെ അതിപ്രസരമായതിനാല്‍ ‘A’ സര്‍ട്ടിഫിക്കറ്റാണ് കൂലിക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിനിയുടെ ഒരു ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ദേവയുടെ വരവിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

Content Highlight: Rumors that Sivakarthikeyan might be a part of Coolie