ഈ വര്‍ഷം പുറത്തിറക്കിയ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിന്റെ നിരാശയിലാണ് മാര്‍വല്‍. ഒരുപാട് തവണ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതി, പറഞ്ഞതിലുമധികം ബജറ്റ് ചെലവാക്കി തിയേറ്ററിലെത്തിയ ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡായിരുന്നു ആദ്യ റിലീസ്. 180 മില്യണ്‍ മുടക്കിയ ചിത്രം 400 മില്യണാണ് നേടിയത്.
പിന്നാലെത്തിയ തണ്ടര്‍ബോള്‍ട്‌സ് പോസിറ്റീവ് റിവ്യൂ നേടിയിട്ടും വിജയിച്ചില്ല. 180 മില്യണ്‍ മുടക്കിയ ചിത്രം 374 മില്യണാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 600 മില്യണ്‍ കളക്ഷനാണ് ചിത്രം പ്രതീക്ഷിച്ചത്. മാര്‍വലിന്റെ ഫേസ് ഫൈവിലെ അവസാന ചിത്രമായിരുന്നു തണ്ടര്‍ബോള്‍ട്‌സ്. പുതിയ ഫേസിലെ ആദ്യചിത്രമായ ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്‌സ് റിലീസിന് തയാറെടുക്കുകയാണ്.
20th സെഞ്ച്വറി ഫോക്‌സിന്റെ കോമിക്കുകളുടെ റൈറ്റ്‌സ് സ്വന്തമാക്കിയ മാര്‍വല്‍ ഇത്തവണ രണ്ടും കല്പിച്ചാണെന്ന് ട്രെയ്‌ലറിലൂടെയും മറ്റ് അപ്‌ഡേറ്റുകളിലൂടെയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. മാര്‍വല്‍ സിനിമകളുടെ പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ പലപ്പോഴും അഡ്രിനാലിന്‍ റഷ് സമ്മാനിക്കുന്നവയായിരുന്നു.
ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ ഒരുക്കുന്ന റൂസോ ബ്രദേഴ്‌സാണ് ഫന്റാസ്റ്റിക് ഫോറിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഡോക്ടര്‍ ഡൂമായി വേഷമിടുന്ന റോബര്‍ട് ഡൗണി ജൂനിയര്‍ ഈ സീനില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് റൂമറുകളുണ്ട്.
ഫേസ് സിക്‌സില്‍ മാര്‍വലിന്റെ അഭിമാന പ്രൊജക്ടാണ് ഡൂംസ് ഡേ. ലോക സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഡൂംസ് ഡേ ഒരുങ്ങുന്നത്. ഒരു ബില്യണോളം ചെലവാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ലോകത്തേക്കുള്ള ചുവടുവെപ്പ് ഫന്റാസ്റ്റിക് ഫോറിലൂടെ മാര്‍വല്‍ നടത്തുമെന്നാണ് പ്രതീക്ഷ.
വനേസ കിര്‍ബി, പെഡ്രോ പാസ്‌കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സ്യൂ സ്‌റ്റോമായി വനേസ വേഷമിടുമ്പോള്‍ പെഡ്രോ പാസ്‌കല്‍ മിസ്റ്റര്‍ ഫന്റാസ്റ്റിക്കായി എത്തുന്നു. ഹ്യൂമന്‍ ടോര്‍ച്ചിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ജോസഫ് ക്വിന്നായിരുന്നു. ജൂലൈ 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Rumors that Russo Brothers are the directors of Post Credit scene in Fantastic Four movie