യൂണിവേഴ്‌സുണ്ടാക്കാനുള്ള പ്ലാനുമായി സന്ദീപ് റെഡ്ഡി വാങ്ക? സ്പിരിറ്റില്‍ അതിഥിവേഷം ചെയ്യാന്‍ രണ്‍ബീറും
Indian Cinema
യൂണിവേഴ്‌സുണ്ടാക്കാനുള്ള പ്ലാനുമായി സന്ദീപ് റെഡ്ഡി വാങ്ക? സ്പിരിറ്റില്‍ അതിഥിവേഷം ചെയ്യാന്‍ രണ്‍ബീറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th November 2025, 9:46 pm

മൂന്ന് സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. ടോക്‌സിക് കഥാപാത്രങ്ങളെ നായകന്മാരാക്കി ഒരുക്കുന്ന സന്ദീപിന്റെ സിനിമകള്‍ക്കെതിരെ പലരും വിമര്‍ശനമുയര്‍ത്താറുണ്ട്. ഏറ്റവുമൊടുവിലൊരുക്കിയ അനിമലിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പുതിയ ചിത്രമായ സ്പിരിറ്റിന്റെ തിരക്കിലാണ് നിലവില്‍ സന്ദീപ് റെഡ്ഡി വാങ്ക.

ഇപ്പോഴിതാ സ്പിരിറ്റില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനിമലിലെ രണ്‍വിജയ് സിങ് എന്ന കഥാപാത്രമായാകും രണ്‍ബീര്‍ സ്പിരിറ്റില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. ഇന്ത്യന്‍ സിനിമയിലെ പുതിയ ട്രെന്‍ഡായ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പാതയിലൂടെ സന്ദീപ് റെഡ്ഡിയും സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്ഥമായി തനിക്ക് ഇഷ്ടമുള്ള രീതിയില്‍ സിനിമകളൊരുക്കുന്ന സന്ദീപ് റെഡ്ഡി ഇത്തരമൊരു യൂണിവേഴ്‌സ് ഒരുക്കാന്‍ സാധ്യതയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരുപക്ഷേ ഈ അഭ്യൂഹങ്ങള്‍ സത്യമാണെങ്കില്‍ രണ്ട് സൂപ്പര്‍താരങ്ങളെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാനാകുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

കഴിഞ്ഞദിവസമാണ് സ്പിരിറ്റിന്റെ പൂജ ഹൈദരബാദില്‍ നടന്നത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് സ്പിരിറ്റിന്റെ ആദ്യ ക്ലാപ്പ് അടിച്ചത്. അധികം വൈകാതെ ചിത്രത്തിന്റെ ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പാന്‍ ഇന്ത്യന്‍ പ്രൊജക്ടുകളിലാണ് പ്രഭാസ് ഭാഗമാകുന്നത്. സ്പിരിറ്റിന് പുറമെ ഫൗജി, കല്‍ക്കി 2 എന്നിവയുടെ ഷൂട്ടില്‍ പ്രഭാസ് മാറി മാറി ജോയിന്‍ ചെയ്യുമെന്നാണ് കരുതുന്നത്.

അനിമലിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. ആദ്യം നായികയായി തീരുമാനിച്ച ദീപിക പദുകോണ്‍ സംവിധായകനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. പ്രകാശ് രാജ്, വിവേക് ഒബ്രോയ്, കാഞ്ചന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക് സ്പിരിറ്റിന്റെ ഭാഗമാകുന്നുണ്ടെന്ന് ആദ്യം മുതലേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം 2027ല്‍ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്. പ്രഭാസ് ആദ്യമായി പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്.

Content Highlight: Rumors that Ranbir Kapoor might be a part of Spirit movie