2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കല്‍ക്കി 2898 എ.ഡി. പുരാണവും ആക്ഷനും സമാസമം ചേര്‍ത്ത് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 1000 കോടിയിലേറെ സ്വന്തമാക്കി. രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. കല്‍ക്കി 2വിന്റെ ഷൂട്ട് ഈ വര്‍ഷം തുടങ്ങാനിരിക്കെ നായികയായ ദീപിക പദുകോണ്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു.
നിര്‍മാതാക്കളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ദീപിക കല്‍ക്കിയില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഈ നീക്കം വഴിവെച്ചിരുന്നു. കല്‍ക്കി എന്ന സിനിമാ ഫ്രാഞ്ചൈസിയില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ദീപിക പദുകോണ്‍ അവതരിപ്പിച്ച സുമതി.
ദീപിക പദുകോണ്‍ Phot: IMDB
എന്നാല്‍ ദീപിക പിന്മാറിയതിനാല്‍ ഈ കഥാപാത്രം ആര് ചെയ്യുമെന്നായിരുന്നു സിനിമാപേജുകളിലെ ചര്‍ച്ച. ഇപ്പോഴിതാ ഈ വേഷത്തിലേക്ക് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രിയങ്കക്ക് തന്നെയാണ് മുന്‍ഗണനയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ രാജമൗലി ഒരുക്കുന്ന വാരണാസിയുടെ തിരക്കുകള്‍ക്ക് ശേഷം മാത്രമേ പ്രിയങ്ക കല്‍ക്കിയുടെ ഭാഗമാവുകയുള്ളൂ. 2026ലാകും വാരണാസിയുടെ ഷൂട്ട് പൂര്‍ത്തിയാവുകയെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നായികക്ക് പകരം രണ്ടാം ഭാഗത്തില്‍ മറ്റൊരാളെ അണിയറപ്രവര്‍ത്തകര്‍ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ നോക്കുന്നത്.
ഈ വര്‍ഷം ആരംഭിക്കാനിരുന്ന കല്‍ക്കിയുടെ ഷൂട്ട് 2026ലേക്ക് മാറ്റിയിരിക്കുകയാണ്. ഫൗജി, സ്പിരിറ്റ് എന്നീ സിനിമകളുടെ തിരക്കുകള്‍ കാരണം ആദ്യത്തെ ഷെഡ്യൂളുകളില്‍ പ്രഭാസിനെ ലഭ്യമാകില്ലെന്നും മറ്റ് ആര്‍ട്ടിസ്റ്റുകളെ വെച്ചിട്ടുള്ള പോര്‍ഷനുകള്‍ സംവിധായകന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവരുടെ രംഗങ്ങളാകും ഷൂട്ട് ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.
മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. 650 കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.