നായകനായ അഞ്ച് സിനിമകളില്‍ നാലും ബ്ലോക്ക്ബസ്റ്ററാക്കി മാറ്റി മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിന് ശേഷം മോളിവുഡില്‍ ഹാട്രിക് 50 കോടി നേടിയ താരമെന്ന നേട്ടം ഡീയസ് ഈറേയിലൂടെ പ്രണവ് സ്വന്തമാക്കി. പ്രണവിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ അന്‍വര്‍ റഷീദിനൊപ്പം പ്രണവ് കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അധികം വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധായക കുപ്പായമണിയുന്നത്.
ഫഹദ് ഫാസില്‍ നായകനായെത്തിയ ട്രാന്‍സായിരുന്നു അന്‍വര്‍ റഷീദിന്റെ അവസാന ചിത്രം. ഓരോ സിനിമക്ക് ശേഷവും വലിയ ഗ്യാപ്പെടുക്കുന്ന അന്‍വര്‍ റഷീദ് പ്രണവുമായി കൈകോര്‍ക്കുമ്പോള്‍ പ്രതീക്ഷകളേറെയെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്. കൊമേഷ്‌സ്യല്‍ സിനിമകള്‍ക്ക് മലയാളത്തില്‍ പുതിയൊരു രീതി പരിചയപ്പെടുത്തിയ സംവിധായകനാണ് അന്‍വര്‍ റഷീദ്.
സംവിധായക കുപ്പായമണിഞ്ഞ ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ രാജമാണിക്യം അതുവരെയുണ്ടായിരുന്ന കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞു. ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ തുടങ്ങിയ സിനിമകള്‍ നിര്‍മിക്കുകയും ചെയ്ത അന്‍വര്‍ റഷീദ് മലയാള സിനിമയിലെ ബ്രാന്‍ഡ് ഡയറക്ടര്‍മാരില്‍ ഒരാളാണ്.
ഓരോ സിനിമയും വളരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്ന പ്രണവും നല്ല രീതിയില്‍ സമയമെടുത്ത് ഓരോ സിനിമയും സംവിധാനം ചെയ്യുന്ന അന്‍വര്‍ റഷീദും കൈകോര്‍ക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 2026ലാകും ചിത്രം ഷൂട്ടിങ് ആരംഭിക്കുക. ഡീയസ് ഈറേയുടെ റിലീസിന് പിന്നാലെ അടുത്ത യാത്രക്ക് പോകുന്ന പ്രണവിന്റെ വീഡിയോ വൈറലായിരുന്നു.
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറേ ബോക്‌സ് ഓഫീസില്‍ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ആഗോള കളക്ഷനില്‍ 80 കോടിയാണ് ഡീയസ് ഈറേ നേടിയത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം 50 കോടി നേടുന്ന പ്രണവിന്റെ ചിത്രമായി ഡീയസ് ഈറേ മാറി.
Strong Rumour : Pranav Mohanlal’s upcoming projects will be directed by Anwar Rasheed