ബോക്‌സ് ഓഫീസില്‍ 100 കോടിക്ക് മുകളില്‍ നേടുമെന്നും ദിലീപിന്റെ തിരിച്ചുവരവാകുമെന്നും ആരാധകര്‍ അവകാശപ്പെട്ട ചിത്രമായിരുന്ന ഭ ഭ ബ. 40 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. 46.5 കോടി മാത്രമാണ് ചിത്രം നേടിയത്. നിര്‍മാതാവിനും വിതരണക്കാരനും ലാഭമാകണമെങ്കില്‍ 70 കോടിയെങ്കിലും ആവശ്യമുള്ളിടത്തായിരുന്നു 46 കോടിയില്‍ ചിത്രം ഒതുങ്ങിയത്. 2025ലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ഭ ഭ ബ.
റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴേക്ക് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീം ചെയ്യാന്‍ പോവുകയാണ്. സീ ഫൈവാണ് ഭ ഭ ബയുടെ ഒ.ടി.ടി റൈറ്റ്‌സ് ഏറ്റെടുത്തത്. ജനുവരി 16ന് ചിത്രം ഒ.ടി.ടിയിലെത്തും. കഴിഞ്ഞദിവസം ഒ.ടി.ടി ട്രെയ്‌ലര്‍ പുറത്തുവിട്ടിരുന്നു. ദിലിപീന്റെ തിരിച്ചുവരവിന് ഹൈപ്പ് ഉയര്‍ത്താന്‍ മോഹന്‍ലാലിന്റെ അതിഥിവേഷവും ഭ ഭ ബയിലുണ്ടായിരുന്നു.
എന്നാല്‍ മോഹന്‍ലാലിന്റെ സാലറി പോലും ഒ.ടി.ടി റൈറ്റ്‌സിലൂടെ മുതലാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തുകോടിക്ക് താഴെയാണ് ചിത്രം ഒ.ടി.ടിക്ക് വിറ്റുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. ഈയടുത്ത് വന്ന ബിഗ് ബജറ്റ് സിനിമകളില്‍ ഏറ്റവും താഴ്ന്ന റൈറ്റ്‌സ് തുകയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ലോജിക്കില്ല, മാഡ്‌നെസ് മാത്രം എന്ന ടാഗ്‌ലൈനിലാണ് ഭ ഭ ബ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ സ്പൂഫ് ഴോണറിലൊരുങ്ങിയ ചിത്രം ഒരു തരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്തിയില്ല. ദിലീപിന്റെ പഴയകാല സിനിമകളിലെ റഫറന്‍സ് ഡയലോഗൊന്നും യാതൊരു ഓളവും ഉണ്ടാക്കിയിരുന്നില്ല. വിജയ് ഫാനായി വേഷമിട്ട മോഹന്‍ലാലും ട്രോള്‍ മെറ്റീരിയലായി മാറി.
ഗില്ലി ബാല എന്ന വിജയ് ആരാധകനായെത്തിയ മോഹന്‍ലാലിനെ ട്രോളന്മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഒട്ടും ചേരാത്ത വിഗ്ഗും ക്ലൈമാക്‌സ് ഫൈറ്റിലെ സെക്കന്‍ഡ് ഇന്‍ട്രോയുമെല്ലാം ഒ.ടി.ടിയിലെത്തുമ്പോള്‍ എയറിലാകുമെന്നാണ് കണക്കുകൂട്ടല്‍. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന മോഹന്‍ലാല്‍ ഭ ഭ ബയില്‍ അഭിനയിച്ചത് എന്തിനാണെന്നും പലരും ചോദിച്ചിരുന്നു.
ചിത്രത്തിലെ മറ്റ് പല രംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ദിലീപിന്റെ കഥാപാത്രത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്ന രംഗത്തിലെ ഡയലോഗ് സ്ത്രീവിരുദ്ധമാണെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയൊരു ഉദ്ദേശമില്ലായിരുന്നെന്ന് തിരക്കഥാകൃത്തുകളായ ഫഹീം സഫറും നൂറിന്‍ ഷെരീഫും അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ നടക്കുന്നെന്നും ഇതെല്ലാം ഒരുപാട് കുടുംബങ്ങളുടെ അന്നം മുട്ടിക്കുകയാണെന്നും വാദിച്ചുകൊണ്ട് ദിലീപും രംഗത്തിയിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ദിലീപിന്റെ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ അത്ര നല്ല പെര്‍ഫോമന്‍സല്ല കാഴ്ചവെക്കുന്നത്, ഇക്കൂട്ടത്തിലെ അവസാന എന്‍ട്രിയാണ് ഭ ഭ ബയെന്ന് പലരും അഭിപ്രായപ്പെടുന്നു.