അടുത്ത സിനിമാറ്റിക് യൂണിവേഴ്‌സിനും തുടക്കം കുറിച്ച് തെലുങ്ക് സിനിമ, പവന്‍ കല്യാണിനൊപ്പം റിബല്‍ സ്റ്റാറും?
Indian Cinema
അടുത്ത സിനിമാറ്റിക് യൂണിവേഴ്‌സിനും തുടക്കം കുറിച്ച് തെലുങ്ക് സിനിമ, പവന്‍ കല്യാണിനൊപ്പം റിബല്‍ സ്റ്റാറും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th September 2025, 10:26 pm

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ കാലമാണ്. ബോളിവുഡില്‍ രോഹിത് ഷെട്ടി ആരംഭിച്ച ഈ ട്രെന്‍ഡ് പിന്നീട് തമിഴും തെലുങ്കും ഏറ്റെടുത്തു. ലോകഃയിലൂടെ മലയാളത്തിലും സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ചു. ഇപ്പോഴിതാ തെലുങ്കിലെ മൂന്നാമത്തെ സിനിമാറ്റിക് യൂണിവേഴ്‌സിന് ആരംഭമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പവന്‍ കല്യാണ്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദെയ് കോള്‍ ഹിം ഓ.ജിയാണ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരിക്കുന്നത്. സംവിധായകന്‍ സുജീത്തിന്റെ മുന്‍ ചിത്രമായ സാഹോയുമായി ഓ.ജിക്ക് കണക്ഷനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടീസര്‍ റിലീസായപ്പോള്‍ ഇത്തരമൊരു റൂമര്‍ കേട്ടിരുന്നെങ്കിലും അണിയറപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ ഓ.ജിയുടെ പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നിര്‍മാതാക്കളായ ഡി.വി.വി എന്റര്‍ടൈന്മെന്റ്‌സ് വലിയൊരു സൂചന നല്‍കിക്കഴിഞ്ഞു. ‘Storming in Cinemas near U’ എന്നായിരുന്നു നിര്‍മാതാക്കള്‍ പങ്കുവെച്ച പോസ്റ്റ്. ക്യാപിറ്റല്‍ അക്ഷരങ്ങളെല്ലാം ക്ലൂവാണെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. സുജീത് സിനിമാറ്റിക് യൂണിവേഴ്‌സിനുള്ള സൂചനയാണ് പോസ്റ്റിലുള്ളതെന്ന് പലരും അഭിപ്രായപ്പെടുന്നു.

പ്രഭാസ് നായകനായ സാഹോയുടെ പ്രധാന ഭാഗങ്ങള്‍ നടക്കുന്നത് മുംബൈയിലാണ്. ഓ.ജിയുടെ കഥാപശ്ചാത്തലവും മുംബൈ തന്നെയാണ്. സാഹോയില്‍ ജാക്കി ഷ്‌റോഫ് അവതരിപ്പിച്ച റോയ് എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ മകനാണ് ഓ.ജിയിലെ പവന്‍ കല്യാണിന്റെ കഥാപാത്രമെന്നാണ് ചിലരുടെ അനുമാനം. എന്നാല്‍ രണ്ട് സിനിമകളും വ്യത്യസ്ത കാലഘട്ടത്തിലായതിനാല്‍ ഇതിന് സാധ്യതയില്ലെന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ പവര്‍ സ്റ്റാറും റിബല്‍ സ്റ്റാറും ഒന്നിച്ച് സ്‌ക്രീനിലെത്താന്‍ ചെറിയൊരു സാധ്യതയുണ്ടെങ്കില്‍ അത് ആന്ധ്ര/ തെലങ്കാനയിലെ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തിന്റെ പ്രീമിയര്‍ ഇന്ന് രാത്രി ലോകമെമ്പാടും നടക്കുന്നുണ്ട്. പവന്‍ കല്യാണിന്റെ കരിയറിലെ ഹൈപ്പേറിയ ചിത്രമായാണ് ഓ.ജി പ്രേക്ഷകരിലേക്കെത്തുന്നത്.

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് ഓ.ജിയിലെ വില്ലന്‍. തമിഴ് താരം അര്‍ജുന്‍ ദാസ്, പ്രിയങ്ക മോഹന്‍, മലയാളികളായ ഹരീഷ് ഉത്തമന്‍, സുദേവ് നായര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എസ്. തമന്‍ ഈണമിട്ട ഗാനങ്ങളെല്ലാം ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ കഷ്ടകാലമനുഭവിക്കുന്ന പവന് ഈ ചിത്രം തിരിച്ചുവരവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Rumors that O G Movie will have connection with Saaho movie