ഇന്ത്യന്‍ സിനിമ ഏറെ ഉറ്റുനോക്കുന്ന പ്രൊജക്ടുകളിലൊന്നാണ് രജിനി- കമല്‍ റീയൂണിയന്‍. തമിഴകത്തിന്റെ അഭിമാന താരങ്ങളായ ഇരുവരും 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പ്രൊജക്ടിന്റെ ഗ്ലിംപ്‌സ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സൂപ്പര്‍സ്റ്റാറും ഉലകനായകനും കട്ടക്ക് സ്‌കോര്‍ ചെയ്ത ഗ്ലിംപ്‌സ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

നെല്‍സന്റെ ട്രേഡ്മാര്‍ക്ക് ഐറ്റമായ ഡാര്‍ക്ക് കോമഡിക്കൊപ്പം ഇരുവരുടെയും സ്റ്റൈലും സ്വാഗും മാക്‌സിമം ഒപ്പിയെടുക്കുന്ന ചിത്രമാകും ഇതെന്ന് ഗ്ലിംപ്‌സിലൂടെ വ്യക്തമാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് വളരെ ഇന്‍ട്രസ്റ്റിങ്ങായ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പൂര്‍ണമായും ഫിലിമില്‍ ഷൂട്ട് ചെയ്യാന്‍ നെല്‍സണും ഛായാഗ്രഹകന്‍ രാജീവ് മേനോനും പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തില്‍ റെട്രോ വിന്റേജ് സ്‌റ്റൈല്‍ പിന്തുടരാന്‍ വേണ്ടിയാണ് നെല്‍സണ്‍ ഇത്തരമൊരു രീതി പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറത്തുവിട്ട ഗ്ലിംപ്‌സ് വീഡിയോയും ഫിലിമില്‍ ഷൂട്ട് ചെയ്യണമെന്നായിരുന്നു നെല്‍സണ്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ അതിന് സമയമില്ലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചിത്രം മുഴുവനായി ഫിലിമില്‍ ഷൂട്ട് ചെയ്യാനായില്ലെങ്കിലും ഇരുവരുടെയും പ്രധാന ഭാഗങ്ങളെങ്കിലും ഫിലിമില്‍ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. ആരാധകര്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാനുള്ള ഗംഭീര എക്‌സ്പീരിയന്‍സ് തന്നെയാകും രജിനി- കമല്‍ റീയൂണിയന്‍ എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ അധികം വൈകാതെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രജിനികാന്തും കമല്‍ ഹാസനും നെല്‍സണും വെവ്വേറെ പ്രൊജക്ടുകളുടെ തിരക്കിലാണ്. രജിനിയെ നായകനാക്കി ഒരുക്കുന്ന ജയിലര്‍ 2ന്റെ ഷൂട്ട് അവസാനഘട്ടത്തിലാണ്. മാര്‍ച്ച് പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും ഓഗസ്റ്റ് 15ന് ജയിലര്‍ 2 തിയേറ്ററുകളിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജയിലര്‍ 2ന് ശേഷം രജിനികാന്ത് തലൈവര്‍ 173ല്‍ ജോയിന്‍ ചെയ്യും. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന പ്രൊജക്ടിന്റെ നിര്‍മാതാവ് കമല്‍ ഹാസനാണ്. സെപ്റ്റംബറില്‍ തലൈവര്‍ 173 പൂര്‍ത്തിയായേക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ രജിനി- കമല്‍ റീയൂണിയന്റെ ഷൂട്ട് ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന്റെ മുമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പടക്കം വലിയ ലൈനപ്പാണ്.

കല്‍ക്കി 2, അന്‍ബറിവ് പ്രൊജക്ട് എന്നിവക്ക് ശേഷമാകും രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ടില്‍ ഉലകനായകന്‍ ജോയിന്‍ ചെയ്യുക. തമിഴിലെ ആദ്യ 2000 കോടി കളക്ഷന്‍ ഈ റീയൂണിയനിലൂടെ നേടാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Rumors that Nelson planning to shoot Rajni- Kamal Reunion project on film

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ