ലോകഃ 2ന് മുന്നേ ഒടിയനും മൂത്തോനും ഒന്നിച്ച് സ്‌ക്രീനില്‍ വരുമോ? മോഹന്‍ലാലിന്റെ കാമിയോക്ക് ചെക്ക് വെക്കാന്‍ ഐ ആം ഗെയിമില്‍ മമ്മൂട്ടിയും?
Malayalam Cinema
ലോകഃ 2ന് മുന്നേ ഒടിയനും മൂത്തോനും ഒന്നിച്ച് സ്‌ക്രീനില്‍ വരുമോ? മോഹന്‍ലാലിന്റെ കാമിയോക്ക് ചെക്ക് വെക്കാന്‍ ഐ ആം ഗെയിമില്‍ മമ്മൂട്ടിയും?
അമര്‍നാഥ് എം.
Thursday, 4th June 2026, 9:37 pm

സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. പാന്‍ ഇന്ത്യന്‍ തലത്തില്‍ സ്റ്റാറാണ് ദുല്‍ഖര്‍ ഇപ്പോള്‍. എന്നാല്‍ ദുല്‍ഖറിനെയും മമ്മൂട്ടിയെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യം ഇതുവരെ ആരാധകര്‍ക്ക് ലഭിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ലോകഃ ചാപ്റ്റര്‍ വണ്ണിലൂടെ ഇരുവരും ഒന്നിക്കുമെന്ന സൂചന ലഭിച്ചിരുന്നു. ലോകഃ യൂണിവേഴ്‌സില്‍ ഒടിയന്‍/ ചാര്‍ലിയായി ദുല്‍ഖറെത്തുമ്പോള്‍ മൂത്തോന്‍ എന്ന കഥാപാത്രമായി വേഷമിടുന്നത് മമ്മൂട്ടിയാണ്. ലോകഃയുടെ വരും ഭാഗങ്ങളില്‍ മൂത്തോനും ഒടിയനും തമ്മിലുള്ള ഫേസ് ഓഫ് ഉണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

എന്നാല്‍ ലോകഃ 2ന് മുമ്പ് ഇരുവരും ഒന്നിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദുല്‍ഖര്‍ നായകനായി ഇനി പുറത്തിറങ്ങാനുള്ള ഐ ആം ഗെയിമില്‍ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന മാസ് ആക്ഷന്‍ സ്‌പോര്‍ട്‌സ് ത്രില്ലറില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടാല്‍ സിനിമാപ്രേമികള്‍ക്ക് അതൊരു വിരുന്നാകുമെന്ന് ഉറപ്പാണ്.

കൊച്ചിയില്‍ ഐ ആം ഗെയിമിന്റെ സെറ്റില്‍ മമ്മൂട്ടി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ലോകഃയുടെ വിജയത്തിന് തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. എന്നാല്‍ അദ്ദേഹം സിനിമയുടെ ഭാഗമാകുന്നില്ലെന്ന് പലരും വ്യക്തമാക്കിയതായിരുന്നു. ഐ ആം ഗെയിമില്‍ മമ്മൂട്ടിയുടെ ഗസ്റ്റ് റോളുണ്ടെങ്കില്‍ തിയേറ്റര്‍ ഇളകിമറിയുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഐ ആം ഗെയിമുമായി ക്ലാഷിനൊരുങ്ങുന്ന ഖലീഫയിലും വമ്പന്‍ കാമിയോകളുണ്ട്. മാമ്പറക്കല്‍ അമീര്‍ അലിയായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തില്‍ മാമ്പറക്കല്‍ അഹമ്മദ് അലി എന്ന അധോലോക രാജാവായി എത്തുന്നത് മലയാളത്തിന്റെ മോഹന്‍ലാലാണ്. പൃഥ്വിക്കും മോഹന്‍ലാലിനും പുറമെ ടൊവിനോയും ഖലീഫയുടെ ഭാഗമാണെന്ന് അഭ്യൂഹങ്ങളുണ്ട്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഖലീഫയുടെ ആദ്യഭാഗത്തില്‍ 10 മിനിറ്റ് മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പൃഥ്വിയും ടൊവിനോയും കച്ചകെട്ടി ഇറങ്ങുമ്പോള്‍ ഓണം ക്ലാഷില്‍ ഇത്തവണ തീ പാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

Content Highlight: Rumors that Mammootty playing cameo in I’m Game movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം