ട്രോളുകള്‍ കാര്യമായി, പ്രദീപ് രംഗനാഥനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനുറച്ച് സൂര്യ, ഇത്തവണ വിജയിക്കുമെന്ന് ആരാധകര്‍
Indian Cinema
ട്രോളുകള്‍ കാര്യമായി, പ്രദീപ് രംഗനാഥനുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനുറച്ച് സൂര്യ, ഇത്തവണ വിജയിക്കുമെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Friday, 2nd January 2026, 6:36 pm

13 വര്‍ഷമായി എടുത്തുപറയാന്‍ ഒരു ഹിറ്റില്ലാതെ ബോക്‌സ് ഓഫീസില്‍ പാടുപെടുകയാണ് തമിഴ് താരം സൂര്യ. എല്ലാ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കുന്ന സൂര്യക്ക് വിജയം മാത്രം കൈയെത്താ ദൂരത്താണ്. വന്‍ ഹൈപ്പിലെത്തുന്ന സൂര്യയുടെ സിനിമകളില്‍ പലതും പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയാണ്.

തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ പുതിയ നടന്മാരെല്ലാം സൂര്യയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനെ പലകുറി മറികടക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ റെട്രോ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതോടെ ബോക്‌സ് ഓഫീസ് വിജയത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന കറുപ്പില്‍ ആരാധകര്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് കറുപ്പ് ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2024ല്‍ ഷൂട്ട് ആരംഭിച്ച ചിത്രം അടുത്തിടെയാണ് പൂര്‍ത്തിയായത്. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുകയാണെങ്കില്‍ സൂര്യക്ക് ബോക്‌സ് ഓഫീസില്‍ നേരിടാനുള്ളത് പ്രദീപ് രംഗനാഥനെയാകും. നിരവധി തവണ റിലീസ് മാറ്റിവെക്കപ്പെട്ട ലവ് ഇന്‍ഷുറന്‍സ് കമ്പനി ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബാക്ക് ടു ബാക്ക് 100 കോടി നേടിയ പ്രദീപ് രംഗനാഥനും ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം അനിവാര്യമായിട്ടുള്ള സൂര്യയും ഏറ്റുമുട്ടുകയാണെങ്കില്‍ ആര് വിജയിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഫെബ്രുവരി ആദ്യവാരം റിലീസായില്ലെങ്കില്‍ മാര്‍ച്ച് അവസാനവാരമാകും കറുപ്പിന്റെ റിലീസ്. സോളോ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

കറുപ്പിന്റെ റിലീസ് വൈകുന്നത് സൂര്യ 46നെയും ബാധിക്കുന്നുണ്ട്. സമ്മര്‍ റിലീസ് ലക്ഷ്യം വെക്കുന്ന സൂര്യ 46ന് മുന്നില്‍ തടസമായി നില്‍ക്കുന്നത് കറുപ്പിന്റെ അനിശ്ചിതത്വമാണ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഇമോഷനുകളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

അതേസമയം 2025 സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ച ചിത്രമായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. ആദ്യം ജൂണിലേക്കും പിന്നീട് ദീപാവലിക്കും റിലീസാകുമെന്നറിയിച്ച ചിത്രം ഡിസംബറിലേക്ക് റിലീസ് മാറ്റി. എന്നാല്‍ ഡിസംബറിലും ചിത്രം തിയേറ്ററുകളിലെത്തിയില്ല. വാലന്റൈന്‍സ് ദിനത്തിലാകും ചിത്രം ഇനി തിയേറ്ററുകളിലെത്തുക.

Content Highlight: Rumors that Karuppu might release on February and clash with Love Insurance Kampany

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം