ദുല്‍ഖറിനും പൃഥ്വിക്കും നിവിനും ജയിലര്‍ 2 തലവേദനയാകുമോ? ഓണത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത ക്ലാഷ്
Indian Cinema
ദുല്‍ഖറിനും പൃഥ്വിക്കും നിവിനും ജയിലര്‍ 2 തലവേദനയാകുമോ? ഓണത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത ക്ലാഷ്
അമര്‍നാഥ് എം.
Tuesday, 13th January 2026, 8:04 am

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സൂപ്പര്‍താരങ്ങളുടെ ഒരുപിടി ബിഗ് ബജറ്റ് സിനിമകളാണ് ഈവര്‍ഷം തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രൊജക്ടും ഒന്നിനൊന്ന് ഗംഭീരമാകുമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. സോളോ റിലീസിന് പകരം ഫെസ്റ്റിവല്‍ റിലീസാണ് എല്ലാ വമ്പന്‍ സിനിമകളും ലക്ഷ്യം വെക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനമാണ് ഈ വര്‍ഷത്തെ ഓണം സീസണ്‍.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരാണ് ബോക്‌സ് ഓഫീസീല്‍ മാറ്റുരക്കുന്നത്. ഒപ്പം വിസ്മയ മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന തുടക്കവും ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റ് 20നാകും ഈ ചിത്രങ്ങളുടെ റിലീസെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഓണം റിലീസുകള്‍ക്ക് വെല്ലുവിളിയായി തമിഴ് ചിത്രം ജയിലര്‍ 2 എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടക്കുന്ന ജയിലര്‍ 2 ഓഗസ്റ്റ് 13ന് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ അവധിയടക്കം നാല് ദിവസം ഫ്രീ റണ്‍ ലഭിക്കുമെന്നാണ് ഇതിലൂടെ കണക്കുകൂട്ടുന്നത്.

എന്നാല്‍ ജയിലര്‍ 2 ഹിറ്റായാല്‍ ഓണം റിലീസുകളെ നല്ല രീതിയില്‍ ബാധിച്ചേക്കുമെന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തുന്നത്. രജിനികാന്തിന് പുറമെ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ അതിഥിവേഷങ്ങളെല്ലാം ജയിലര്‍ 2വിന് മുന്‍ഗണന നല്‍കുന്നുണ്ട്. കൂലിയുടെ ക്ഷീണം ജയിലര്‍ 2വിലൂടെ രജിനി തീര്‍ക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

ഇതോടെ ഓഗസ്റ്റ് റിലീസായെത്തുന്ന സിനിമകളില്‍ മൂന്നിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടാകും. പൃഥ്വിയുടെ ഖലീഫയില്‍ മാമ്പറക്കല്‍ അഹമ്മദ് അലിയായി വേഷമിടുന്ന മോഹന്‍ലാല്‍ ജയിലര്‍ 2വില്‍ മാത്യുവായും പ്രത്യക്ഷപ്പെടും. തുടക്കത്തിലും മലയാളത്തിന്റ മോഹന്‍ലാല്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. പോക്കിരിരാജക്ക് ശേഷം പൃഥ്വിരാജ് വൈശാഖുമായി കൈകോര്‍ക്കുന്ന ഖലീഫ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണ്. നിവിന്‍ പോളി- ഗിരീഷ് എ.ഡി കോമ്പോ ആദ്യമായി ഒന്നിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും ഓണം റിലീസാണ് ലക്ഷ്യം വെക്കുന്നത്.

2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ഓണം റിലീസായാണ് എത്തുകയെന്ന് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മേയില്‍ റിലീസാകുമെന്ന് കരുതിയ ചിത്രം ഓഗസ്റ്റിലേക്ക് മാറുകയായിരുന്നു. ഈ സിനിമകള്‍ക്കെല്ലാം ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ വെല്ലുവിളിയാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Rumors that Jailer 2 planning August release and it will affect Onam season

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം