ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 46. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ ശോഭിക്കാന്‍ സാധിക്കാതിരിക്കുന്ന സൂര്യക്ക് ഈ പ്രൊജക്ട് തിരിച്ചുവരവാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴ് ഓണ്‍ലൈന്‍ ചാനലായ വലൈപ്പേച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും തന്നെ ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ പുറത്തുവന്നിട്ടില്ല. വെങ്കി അട്‌ലൂരിയും ദുല്‍ഖറും ത്മിലുള്ള സൗഹൃദം കാരണം ഈ റിപ്പോര്‍ട്ട് തള്ളിക്കളയാനുമാകില്ല.
ദുല്‍ഖര്‍ സല്‍മാന്‍, സൂര്യ AI നിര്‍മിത ചിത്രം Photo: Amruthabharathi/ X.com
സൂര്യയുടെ കടുത്ത ആരാധകനാണ് താനെന്ന് പലപ്പോഴായി ദുല്‍ഖര്‍ പറഞ്ഞിട്ടുള്ളതാണ്. സുധ കൊങ്കരയുടെ 1961 പുറനാനൂറില്‍ ഇരുവരും ഒന്നിക്കേണ്ടതായിരുന്നു. എന്നാല്‍ സൂര്യയടക്കം മുന്‍നിര താരങ്ങളെല്ലാം പിന്‍വാങ്ങിയതിനാല്‍ ഈ പ്രൊജക്ട് പിന്നീട് മറ്റൊരു പേരിലാണ് ഒരുങ്ങിയത്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പരാശക്തിയുടെ ആദ്യ കാസ്റ്റില്‍ സൂര്യയും ദുല്‍ഖറുമുണ്ടായിരുന്നു.
അന്ന് ഒന്നിക്കാന്‍ പറ്റാതെ പോയ കോമ്പോ ഇത്തവണ ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്. അതിനെക്കാളേറെ ഇഷ്ടനടനൊപ്പം ഫാന്‍ബോയ് ദുല്‍ഖര്‍ അഭിനയിക്കുന്നതും ആകാംക്ഷ ഇരട്ടിയാക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ഫ്രെയിം തിയേറ്റര്‍ പൂരപ്പറമ്പാക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ഫാമിലി എന്റര്‍ടൈനറായാണ് സൂര്യ 46 ഒരുങ്ങുന്നത്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കഥയെക്കുറിച്ച് നിരവധി റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 20 കാരിക്ക് 40കാരനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് ചിത്രം ലംഹേയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വെങ്കി അട്‌ലൂരി സൂര്യ 46 ഒരുക്കിയതെന്നും അഭ്യൂഹങ്ങളുണ്ട്.
സൂര്യക്കും മമിതക്കും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, അജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഷൂട്ട് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഈ വര്‍ഷം സമ്മര്‍ റിലീസാണ് സൂര്യ 46 ലക്ഷ്യം വെക്കുന്നത്.
നിലവില്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ. നസ്‌ലെന്‍, നസ്രിയ തുടങ്ങി മലയാളി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കൊച്ചിയിലാണ്. ഏറെക്കാലത്തിന് ശേഷം പൊലീസ് ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം അവസാനത്തോടെ സൂര്യ 47 തിയേറ്ററുകളിലെത്തും.
#Suriya46 BUZZ – #DulquerSalmaan is said to be playing a cameo in the film, a scene alongside #Suriya that’s going to be a great fan-service moment for both fans.