ഗ്ലാമര്‍ വേഷം എന്നെ തേടി വന്നിട്ടില്ല; അത്തരം റോള്‍ ചെയ്യാന്‍ ആത്മവിശ്വാസം അനിവാര്യമാണ്: രുക്മിണി വസന്ത്
Indian Cinema
ഗ്ലാമര്‍ വേഷം എന്നെ തേടി വന്നിട്ടില്ല; അത്തരം റോള്‍ ചെയ്യാന്‍ ആത്മവിശ്വാസം അനിവാര്യമാണ്: രുക്മിണി വസന്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd October 2025, 2:54 pm

ഗ്ലാമര്‍ വേഷം തന്നെത്തേടി ഇതുവരെ വന്നിട്ടില്ലെന്ന് നടി രുക്മിണി വസന്ത്. ഭാവിയില്‍ ഏതെങ്കിലും സംവിധായകന്‍ വെറും ഗ്ലാമര്‍ കഥാപാത്രം മാത്രമേയുള്ളു, രുക്മിണി അഭിനയിച്ചാല്‍ നന്നായിരിക്കും എന്ന് പറഞ്ഞാല്‍ ആ കഥാപാത്രം തനിക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അവര്‍ പറഞ്ഞു. നാന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്തുകൊണ്ടെന്നാല്‍ ഗ്ലാമര്‍ ചെയ്യണമെങ്കില്‍ ശാരീരികമായ ഫിറ്റ്നസ് ഉണ്ടായിരിക്കണം. അതിനുവേണ്ടി ആഹാരരീതികളില്‍ തുടങ്ങി പല കാര്യങ്ങളിലും നിയന്ത്രണം വേണ്ടി വരും. അത് കടുത്ത വെല്ലുവിളിയായിരിക്കും. പാട്ട്, നൃത്തം ഏതാണെങ്കിലും അതൊരു വെല്ലുവിളിയായ കാര്യമാണ്. ഒരു കഥാപാത്രത്തെ അല്ലെങ്കില്‍ ഒരു രംഗത്ത് അനായാസമായി അഭിനയിക്കാം എന്ന് കരുതാനാവില്ല,’രുക്മിണി പറഞ്ഞു.

ആ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള വെല്ലുവിളികള്‍ എപ്പോഴും ഉണ്ടാകുമെന്നും ഗ്ലാമറായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ഗ്ലാമര്‍ ഡ്രസില്‍ തിരശീലയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കാനും നൃത്തം ചെയ്യാനുമൊക്കെ ആത്മവിശ്വാസം അത്യന്താപേക്ഷിതമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണില്‍ നായിക രുക്മിണി വസന്താണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് ഇന്നായിരുന്നു. സിനിമയെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രുക്മിണി വസന്ത്. രക്ഷിത് ഷെട്ടി നായകനായ സപ്ത സാഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധ നേടിയത്.

Content highlight: Rukmini Vasanth says Glamour roles haven’t come my way; confidence is essential to do such roles