പനാമ സിറ്റി: പനാമ കനാൽ ബലപ്രയോഗത്തിലൂടെ തിരിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ പനാമയിലെത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
പനാമ കനാൽ യു.എസിന് തിരികെ നൽകണമെന്ന ട്രംപിൻ്റെ ആവശ്യം പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മാർക്കോ റൂബിയോ ഞായറാഴ്ച പനാമ പ്രസിഡൻ്റ് ജോസ് റൗൾ മുലിനോയുമായി കൂടിക്കാഴ്ച നടത്തി.
ചൈനയുടെ സ്വാധീനം പനാമ കനാലിന് ഭീഷണിയാകുമെന്ന് യു.എസ് പ്രസിഡൻ്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങൾ ആവശ്യമാണെന്നും അല്ലെങ്കിൽ യു.എസ് നടപടിയെടുക്കുമെന്നും മാർക്കോ റൂബിയോ മുലിനോയോട് ചർച്ചയിൽ പറഞ്ഞു. അതിനിടയിൽ കനാലിന്റെ അധികാരം ഒരു ചർച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെടില്ലെന്ന് മുലിനോ പറഞ്ഞു.
പിന്നാലെ പനാമ കനാൽ തിരിച്ചുപിടിക്കാനുള്ള ട്രംപിൻ്റെ പദ്ധതിയെ അപലപിച്ച് പനാമ നിവാസികൾ യു.എസ് വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു.
പനാമ സിറ്റിയിലെ പ്രതിഷേധക്കാർ പനാമിയൻ പതാകകൾ ഉയർത്തി പ്രതിഷേധിച്ചു. ‘പാനമയിൽ നിന്ന് മാർക്കോ റൂബിയോ’ ‘ദേശീയ പരമാധികാരം നീണാൾ വാഴട്ടെ’ , ‘ഒരു പ്രദേശം, ഒരു പതാക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിനിടെ ജനങ്ങൾ ട്രംപിൻ്റെയും റൂബിയോയുടെയും ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ കത്തിച്ചു.
ചൈനീസ് ഹച്ചിസൺ പോർട്ട് കമ്പനിയാണ് നിലവിൽ പനാമ കനാൽ നടത്തുന്നത്. കനാലിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് പനാമ ഹോങ്കോങ് ആസ്ഥാനമായുള്ള കമ്പനിക്ക് 25 വർഷത്തെ നോബിഡ് എക്സ്റ്റൻഷൻ നൽകിയിട്ടുണ്ട്. പനാമ കനാലിൻ്റെ രണ്ടറ്റത്തും കമ്പനി തുറമുഖങ്ങൾ പ്രവർത്തിപ്പിക്കുന്നു.
തന്ത്രപ്രധാനമായ ജലപാതയിൽ ചൈനീസ് സ്വാധീനം വർധിക്കുമെന്ന് വാഷിങ്ടൺ ഭയപ്പെടുന്നുവെന്ന് വെള്ളിയാഴ്ച ഡബ്ല്യു.എസ്.ജെയോട് റൂബിയോ പറഞ്ഞു.
പനാമ കനാലിൽ ചൈന ആസ്ഥാനമായുള്ള കമ്പനി നടത്തുന്ന തുറമുഖത്തെക്കുറിച്ചും കൂട്ട കുടിയേറ്റം, മയക്കുമരുന്ന്, ക്യൂബ, നിക്കരാഗ്വ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ പിന്തുടരുന്ന ശത്രുതാപരമായ നയങ്ങളെക്കുറിച്ചും പനാമിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ താൻ ഉന്നയിക്കുമെന്ന് റൂബിയോ പറഞ്ഞു.
ഞങ്ങൾ ആ വിഷയത്തെ അഭിസംബോധന ചെയ്യാൻ പോകുന്നു. കനാൽ യു.എസിന്റെ അധീനതയിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രസിഡൻ്റിന് അറിയാമായിരുന്നു. എന്നാൽ പനാമക്കാർ യു.എസിന്റെ ആശയത്തോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. അത് അവരുടെ പെരുമാറ്റത്തിൽ തന്നെ വ്യക്തമാണല്ലോ,’ റൂബിയോ പറഞ്ഞു.
പനാമയ്ക്ക് ശേഷം റൂബിയോ എൽ സാൽവഡോർ, കോസ്റ്ററിക്ക, ഗ്വാട്ടിമാല, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്ക് പോകും. പനാമ കനാൽ പനമാനിയിൽ നിന്ന് തിരിച്ചെടുക്കുമെന്ന വാഗ്‌ദാനം ട്രംപ് പ്രചാരണ വേളയിൽ ആവർത്തിച്ചിട്ടുണ്ട്.
1904ൽ ഫ്രഞ്ച് സർക്കാരിൽ നിന്ന് പകുതി പൂർത്തിയായിരുന്നു പനാമ കനാൽ പദ്ധതിയുടെ നിയന്ത്രണം യു.എസ് നേടിയെടുത്തിരുന്നു. 1914 ആയപ്പോഴേക്കും അമേരിക്കക്കാർ കനാൽ നിർമാണം വിജയകരമായി പൂർത്തിയാക്കുകയും പസഫിക്, അറ്റ്ലാൻ്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയായി പനാമ കനാൽ തുറക്കുകയും ചെയ്തു. 1999 വരെ കനാലിൻ്റെയും ചുറ്റുമുള്ള പനാമ കനാൽ മേഖലയുടെയും നിയന്ത്രണം യു.എസ് കൈയടക്കി വെച്ചിരുന്നു.
1977ൽ അന്നത്തെ യു.എസ് പ്രസിഡൻ്റ് ജിമ്മി കാർട്ടർ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ പനാമ കനാലിൻ്റെ യു.എസ് നിയന്ത്രണം വിട്ടുകൊടുക്കുന്ന കരാറിൽ ഒപ്പുവച്ചു. ലാറ്റിനമേരിക്കൻ രാജ്യമാണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്.
Content Highlight: Rubio in Panama amid Trump’s threats to ‘take back’ canal