ന്യൂദല്‍ഹി: ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കത്തെ കേരള ജനത എതിര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് ഡി.വൈ.എഫ്.ഐ. സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.
സ്‌കൂളുകളിലടക്കം എല്ലാവരും ഒരുമിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളമാണെന്നും വിദ്യാര്‍ത്ഥികളില്‍ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും വളര്‍ത്താനാണ് ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
മുമ്പ് ആര്‍.എസ്.എസ് ഓണാഘോഷത്തെ പോലും എതിര്‍ത്തിരുന്നെന്നും ഓണം ക്രിസ്തുമസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡി.വൈ.എഫ്.ഐ ഓര്‍മിപ്പിക്കുന്നു.
‘രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരായി നില്‍ക്കുന്ന വര്‍ഗീയശക്തികളായ സംഘപരിവാര്‍ സംഘടനകള്‍ അതുകൊണ്ടുതന്നെ സ്‌കൂളുകളിലെ ക്രിസ്തുമസ് ആഘോഷത്തെ എതിര്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ നിന്ന് ക്രിസ്തുമസ് ആഘോഷം പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായത്.
ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം പിന്നിടുമ്പോള്‍ രാജ്യത്ത് വര്‍ഗീയ വിഭജന രാഷ്ട്രീയം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വര്‍ഗീയ വിഷനിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണം.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടു വരും,’ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറിപ്പില്‍ പറഞ്ഞു.
ചില സ്‌കൂളുകള്‍ ക്രിസ്തുമസ് ആഘോഷം നടത്താനാകില്ലെന്ന നിലപാടെടുത്തിരുന്നെന്നും അത് അനുവദിക്കില്ലെന്നും സ്‌കൂളുകള്‍ വര്‍ഗീയശാലകളാക്കാന്‍ സമ്മതിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു.