സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധമെന്ന് എഫ്.ഐ.ആര്‍; പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും തിരച്ചില്‍
Kerala
സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധമെന്ന് എഫ്.ഐ.ആര്‍; പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും തിരച്ചില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 10:50 am

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയവിരോധം തന്നെയെന്ന് പൊലീസ് എഫ്.ഐ.ആര്‍.

മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് എഫ്.ഐ.ആര്‍ പറയുന്നത്. എന്നാല്‍ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്.ഐ.ആറിലില്ല.

കൊല നടന്ന് ആറ് ദിവസം പിന്നിടുമ്പോഴാണ് എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവരുന്നത്. കൊലപാതകികള്‍ വന്നത് വെളുത്ത ചെറിയ കാറിലെന്നും കണ്ടാലറിയാവുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും എഫ്.ഐ.ആര്‍ പറയുന്നു.

അതേസമയം കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

പാലക്കാട് എസ്.പി ആര്‍ വിശ്വനാഥിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡി.വൈ.എസ്.പിമാര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി സി.ഐ.മാരും സംഘത്തിലുണ്ട്.

അതിനിടെ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്റെ സി.സിടി.വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ച കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497990095, 9497987146 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിക്കുന്നു.

പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ എസ്.ഡി.പി.ഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃശ്ശൂരിലേക്ക് പോകാതെ സര്‍വ്വീസ് റോഡില്‍ നിന്നും തമിഴ്‌നാനാട് ഭാഗത്തേക്ക് പ്രതികള്‍ കടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതിയെന്ന് കരുതപ്പെടുന്നയാളുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം