ഇന്ത്യയുടെ ഐക്യം ഇല്ലാതാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു, അദ്ദേഹം ദേശസ്‌നേഹി ആയിരുന്നില്ല: ആര്‍.എസ്.എസ്
Daily News
ഇന്ത്യയുടെ ഐക്യം ഇല്ലാതാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു, അദ്ദേഹം ദേശസ്‌നേഹി ആയിരുന്നില്ല: ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2015, 10:10 am

nehruന്യൂദല്‍ഹി: മൂന്ന് ദിവസം മുന്‍പാണ് ബി.ജെ.പി സര്‍ക്കാരും കോണ്‍ഗ്രസും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മവാര്‍ഷികം ആഘോഷിച്ചത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വലിയ ആരോപണമായി ആര്‍.എസ്.എസ് നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഈ രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കിയത് നെഹ്‌റുവാണെന്ന് ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ യഥാര്‍ത്ഥ വീരനായകന്‍മാര്‍ ഭഗത് സിങ്ങും കെ.ബി ഹെഡ്ഗവാറിനെപ്പോലുള്ളവരുമായിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഇവര്‍ നടത്തിയ പോരാട്ടങ്ങള്‍ ജനങ്ങളില്‍ എത്താതെ പോയി. ഭാരതത്തെ സംരക്ഷിക്കാനായി ഇവര്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനായിരുന്നു നെഹ്‌റുവിന്റെ ശ്രമം.

നെഹ്‌റുവിനെ സംബന്ധിച്ച് ഇന്ത്യയെന്നത് ചെറിയൊരു ദേശം മാത്രമായിരുന്നു. ബാക്കി മുഴുവന്‍ ഭാഗവും പാക്കിസ്ഥാന് വിട്ടുനല്‍കുകയാണ് അദ്ദേഹം ചെയ്തത്.

അധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ ഈ യഥാര്‍ത്ഥ ചരിത്രരേഖകളാണ് പഠിപ്പിക്കേണ്ടത്. ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നവരെയും ഇദ്ദേഹം പുച്ഛിച്ചു.

ഇത്തരത്തില്‍ ചെയ്യുന്നവരെല്ലാം രാഷ്ട്രീയ കക്ഷികളുടെ ഏജന്റുകളാണെന്ന്് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ജനങ്ങള്‍ കാശ്മീരില്‍ മരിച്ചു വീണപ്പോഴും ആയിരക്കണക്കിന് പേരുടെ കിടപ്പാടം നഷ്ടപ്പെട്ടപ്പോഴും ഇവര്‍ എവിടെയായിരുന്നു എന്ന് ഇദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ ലാഭത്തിനായി അവരുടെ സര്‍ഗാത്മകത ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ഡവെലപ്‌മെന്റ് ഇന്‍ ഹയര്‍ എഡ്യുക്കേഷനില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.