ന്യൂദൽഹി: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്. ഭരണഘടനാ നിർമാണത്തിൽ ആർ.എസ്.എസിന് ഒരു പങ്കുമില്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഭരണഘടനാ ദിനത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെ ആക്രമിക്കുകയും ദുർബലപ്പെടുത്തുകയുമാണ് ആർ.എസ്.എസെന്നും അതിന് നേതൃത്വം നൽകുന്നത് നരേന്ദ്ര മോദിയും അമിത്ഷായുമാണ് അദ്ദേഹം പറഞ്ഞു. ഭരണഘടനാ തത്വങ്ങളെ അവർ മനപൂർവം അട്ടിമറിക്കുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന വെറുമൊരു പുസ്തകമല്ലെന്നും ദരിദ്രരുടെയും നിസ്വരരുടെയും സംരക്ഷണ കവചമാണെന്നും അതിനെതിരായ ആക്രമണങ്ങൾ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
‘ഇന്ത്യൻ ഭരണഘടന വെറുമൊരു പുസ്തകമല്ല. ഒരാൾ ഏത് മതത്തിൽപ്പെട്ടവനായാലും ഏത് പ്രദേശത്തു നിന്നുള്ളവനായാലും ഏത് ഭാഷ സംസാരിക്കുന്നവനായാലും ദരിദ്രനായാലും സമ്പന്നനായാലും സമത്വം, ബഹുമാനം, നീതി എന്നിവ രാജ്യത്തെ ഓരോ പൗരനും നൽകുന്ന ഒരു പവിത്രമായ വാഗ്ദാനമാണ്,’ രാഹുൽ ഗാന്ധി എക്സിൽ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കപ്പെടുന്നിടത്തോളം ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ദിനത്തിൽ നീതി, സമത്വം, സ്വാതന്ത്ര്യം, പരസ്പര സാഹോദര്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി.
രാജ്യത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും, സ്നേഹത്തിനും സാഹോദര്യത്തിനും, ഐക്യത്തിനും വേണ്ടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ പാർലമെന്റിൽ ഇന്ന് (ബുധൻ) നടന്ന ഭരണഘടന ദിനാചരണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലിഗാർജുൻ ഖാർഗെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഒമ്പത് ഭാഷകളിൽ ഭരണഘടനാ പരിഭാഷ പ്രകാശനം ചെയ്തു. സുപ്രീം കോടതിയിലെ നടപടികൾ വീക്ഷിക്കാൻ ആറുരാജ്യങ്ങളിലെ ജഡ്ജിമാരും ഭരണഘടന ദിനാചരണ ചടങ്ങിൽ പങ്കെടുത്തു.
Content Highlight: RSS is subverting the Constitution; Modi and Amit Shah are leading it: Congress