കണ്ണൂരിനെ അക്രമരാഷ്ട്രീയ ജില്ലയാക്കിയത് ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് പണപ്പിരിവിനുള്ള മേഖലയാക്കി ജില്ലയെ മാറ്റി: ആര്‍.എസ്.എസ് മുന്‍ ശാഖാ ശിക്ഷകന്‍
Kerala
കണ്ണൂരിനെ അക്രമരാഷ്ട്രീയ ജില്ലയാക്കിയത് ആര്‍.എസ്.എസ്; നേതാക്കള്‍ക്ക് പണപ്പിരിവിനുള്ള മേഖലയാക്കി ജില്ലയെ മാറ്റി: ആര്‍.എസ്.എസ് മുന്‍ ശാഖാ ശിക്ഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 4:48 pm

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് മകനെ കൊണ്ടുപോയത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദനന്‍ ചോദ്യം ചെയ്തതോടെയാണ് കൂത്തുപറമ്പില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ ആരംഭിക്കുന്നതെന്ന് ആര്‍.എസ്.എസ് മുന്‍ ശാഖാ ശിക്ഷകനായ രാജഗോപാല്‍.

ഇതിന്റെ പേരില്‍ ജനാര്‍ദനന്‍ ആര്‍.എസ്.എസുകാരാല്‍ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ആയെന്നും ഇതിന് പിന്നാലെ സദാനന്ദന്‍ മാസ്റ്റര്‍ ആക്രമിക്കപ്പെട്ടെന്നും രാജഗോപാല്‍ പറയുന്നു.

കണ്ണൂരിനെ അക്രമരാഷ്ട്രീയ ജില്ലയാക്കി മാറ്റിയത് ആര്‍.എസ്.എസിന്റെ നേതൃത്വമാണെന്നും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പണപ്പിരിവിനുള്ള മേഖല ആയി കണ്ണൂര്‍ സംഘര്‍ഷങ്ങള്‍ ഉപയോഗിച്ചെന്നും അദ്ദേഹം പറയുന്നു.

കണ്ണൂരില്‍ സി.പി.ഐ.എം നേതാക്കളായ ഇ.പി ജയരാജന്‍, പി ജയരാജന്‍ തുടങ്ങിയവര്‍ ആക്രമിക്കപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെയായിരുന്നെന്നും രാജഗോപാല്‍ വെളിപ്പെടുത്തി.

കണ്ണൂരില്‍ ബലിദാനികള്‍ ആയ ആര്‍.എസ്.എസ് അനുഭാവികളെ പലരെയും ഇന്നുള്ള ബി.ജെ.പി നേതാക്കള്‍ക്ക് അറിയില്ലെന്നും ചിലര്‍ക്ക് വേണ്ടി വര്‍ഷിക പരിപാടികള്‍ നടത്തുന്നതല്ലാതെ മറ്റുള്ളവരുടെ കുടുംബത്തെ തിരിഞ്ഞു നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സദാനന്ദന്‍ മാഷിനെ എം.പി ആക്കിയത് വലിയ സംഭവം ആയി ഇപ്പോഴത്തെ ബി.ജെ.പിക്കാര്‍ കാണുകയാണ്. എന്നാല്‍ അക്രമ രാഷ്ട്രീയത്തിന് ഇരയായ സദാനന്ദന്‍ മാഷിനോട് കൂറുണ്ടായിരുന്നെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തേയും മുരളിധരനേയുമൊക്കെ കേന്ദ്രത്തില്‍ മന്ത്രി ആക്കുന്നതിന് മുമ്പ് ചെയ്യണമായിരുന്നു.

ഇപ്പോള്‍ ഇത് ചെയ്തത് ആക്രമ രാഷ്ട്രീയം സി.പി.ഐ.എമ്മിന്റ് മാത്രം പദ്ധതി ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള പദ്ധതിയുടെ ഭാഗം ആണെന്നും രാജഗോപാല്‍ പറഞ്ഞു.

കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ 100 കോടിയിലേറെ പിരിച്ചെടുത്തെങ്കിലും 1994ന് ശേഷം സംഘര്‍ഷം കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച ഒരു കുടുംബത്തിനും ധനസഹായം നല്‍കിയതായി അറിവില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

രാജഗോപാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ..

കൂത്തുപറമ്പിലും പരിസര പ്രദേശത്തും നടന്ന സംഘര്‍ഷങ്ങളില്‍ കൈകാല്‍ നഷ്ടപ്പെട്ടതും കൊല്ലപെട്ടതും ആയ നേതാക്കളെ മാത്രമേ മാധ്യമങ്ങള്‍ കാണുന്നുള്ളൂ.

അതില്‍ ജീവിതം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ ഉണ്ട്. സുധീഷ് കൊല്ലപ്പെടുമ്പോള്‍ എനിക്ക് പ്രായം 17 വയസ്. ഞാന്‍ അന്ന് കൂത്തുപറമ്പ് ഗോകുല തെരുവിലെ കാര്യാലയം കുട്ടികളുടെ ശാഖ ശിക്ഷകനാണ്. അന്ന് മുഖ്യ ശിക്ഷക് ആയിരുന്നത് സി.പി.ഐ.എം ഏരിയ കമ്മിറ്റി ഒഫീസിന്റെ തൊട്ട് അടുത്ത് താമസിക്കുന്ന അനില്‍ ആയിരുന്നു.

അന്ന് ആര്‍.എസ്.എസിന്റെ ശാഖ പ്രവര്‍ത്തനം കൂത്തുപറമ്പിന്റെ മുഴുവന്‍ ഭാഗങ്ങളിലും നല്ലത് പോലെ വ്യാപിച്ചിരുന്നു. കാരണം യാതൊരു തരത്തില്‍ ഉളള രാഷ്ട്രീയ സംഘര്‍ഷങ്ങളും കണ്ണൂര്‍ ജില്ലയില്‍ ഒട്ടും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ശാഖ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടായിരുന്നു.

ഈ സമയത്താണ് മട്ടന്നൂരില്‍ വെച്ച് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദനന്‍ ശ്രീകൃഷ്ണ ജയന്തിക്ക് മകനെ കൊണ്ട് പോയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആര്‍.എസ്.എസുകാരാല്‍ കാലിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ആകുന്നത്.

തുടര്‍ന്ന് സദാനന്ദന്‍ മാസ്റ്റര്‍ ആക്രമിക്കപ്പെട്ടു. ആ സമയത്ത് ജില്ലാ സഹ കാര്യവാഹക് ആയിരുന്നു മാസ്റ്റര്‍. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം 7 കിലോമീറ്ററുകള്‍ക്കപ്പുറം ഉള്ള ആര്‍.എസ്.എസ് ഗ്രാമത്തില്‍ ഇതൊന്നും അറിയാതെ കിടന്നുറങ്ങുകയായിരുന്ന വെറും എസ്.എഫ്.ഐ നേതാവ് ആയ കെ.വി സുധീഷിനെ ആര്‍.എസ്.എസുകാര്‍ വെട്ടി കൊലപ്പെടുത്തുന്നത്.

സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ലാതെ ശാന്തമായിരുന്ന കൂത്തുപറമ്പ് പിന്നീട് അങ്ങോട്ട് കണ്ടത് ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍. അതില്‍ നിരവധി കുടുംബങ്ങള്‍ക്ക് ഉറ്റവരെ നഷ്ടമായി. സുധീഷ് വധത്തോടനുബന്ധിച്ചു ആര്‍.എസ്.എസിന്റെ നിരവധി പ്രധാന പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

കൊലപാതകം ചെയ്തവര്‍ ബാംഗ്ലൂരിലും ഗള്‍ഫിലും പോയി സുഖമായി ജീവിക്കുമ്പോള്‍ കുടുംബത്തിന്റെ അത്താണി ആയ അനില്‍ ആ കേസില്‍ പോലും ഇല്ലായിരുന്നു. പക്ഷെ കേസില്‍ പെട്ട് ജയിലില്‍ പോയി. ജയിലില്‍ വെച്ച് അസുഖം ബാധിച്ചു. പിന്നീട് ജയില്‍ മോചിതന്‍ ആയി മരണപ്പെട്ടു.

സുധീഷ് വധത്തോടെ കൂത്തുപറമ്പില്‍ ഉള്ള കാര്യാലയം തകരുന്നു, കൂത്തുപറമ്പിന് ചുറ്റും ഉള്ള ശാഖകള്‍ നില്‍ക്കുന്നു. മോഹനന്‍, രാജന്‍ തുടങ്ങിയ ബി.ജെ.പിക്കാര്‍ കൂത്തുപറമ്പ് ടൗണില്‍ വെച്ച് കൊല്ലപ്പെടുന്നു.

സംഘര്‍ഷം ഇല്ലാത്ത പ്രദേശത്ത് സുധീഷിനെ കൊന്ന ഒറ്റക്കാരണം കൊണ്ട് മാത്രം പ്രധാന പ്രവര്‍ത്തകന്‍ ആയ എന്റെ ബന്ധു ആര്‍.എസ്.എസുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കുന്നു.

കണ്ണൂരില്‍ സംഘര്‍ഷം ഇല്ലാത്ത സമയത്ത് പ്രദേശികമായ പ്രശ്‌നങ്ങളെ അതിര് കടത്തി മറ്റൊരു പ്രദേശത്ത് വലിയ സംഘര്‍ഷം ഉണ്ടാക്കിയത്തിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ ഇരു ഭാഗത്തും പല കുടുംബങ്ങള്‍ക്കും പ്രധാന ആശ്രിതര്‍ നഷ്ടപ്പെടുകയോ കൈകാലുകള്‍ നഷ്ടപ്പെട്ടു ജീവച്ഛവം ആകുകയോ ചെയ്തിട്ടുണ്ട്.

ഈ ഒറ്റ സംഭവത്തില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിക്ക് കൂടുതല്‍ വളര്‍ച്ചയും ആര്‍.എസ്.എസിന് കൂടുതല്‍ തളര്‍ച്ചയും നല്ല ശാഖ പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ ഉണ്ടായി.

സി.പി.ഐ.എമ്മിനെ എതിര്‍ക്കാന്‍ ഉള്ള വെറും ആക്രമണ ഗ്രൂപ്പ് ആയി ആര്‍.എസ്.എസിനെ കണ്ട് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസുകാരും, വ്യക്തി പരമായോ കുടുംബ പരമായോ ഉള്ള വിഷയങ്ങള്‍ ഉണ്ടാക്കി പുറത്ത് പോകുന്ന ചില സി.പി.ഐ.എം അനുഭാവികളും ആര്‍.എസ്.എസില്‍ ചേര്‍ന്ന് കൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.

ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.എമ്മിന്റെ ഇ.പി ജയരാജന്‍, പി ജയരാജന്‍ തുടങ്ങിയ പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ ആക്രമിക്കപെട്ടു.

സി.പി.ഐ.എം തിരിച്ചടി ശക്തമാക്കിയപ്പോള്‍, ബി.ജെ.പിക്കാരെ മാത്രം തിരഞ്ഞു പിടിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത രീതിയില്‍ ആക്രമണം അഴിച്ചു വിടുന്നു എന്ന പ്രചാരണം വ്യാപിപ്പിച്ചു.

നിരവധി സത്യാഗ്രഹങ്ങളും പണപിരിവുകളും കണ്ണൂര്‍ പീഡിതത്തിന്റെ പേരില്‍ ബി.ജെ.പി നടത്തി. ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പണപ്പിരിവിനുള്ള മേഖല ആയി കണ്ണൂര്‍ സംഘര്‍ഷങ്ങള്‍ ഉപയോഗിച്ചു.

കോടികള്‍ അതിന്റെ പേരില്‍ പിരിച്ചെടുത്തു. 94 തൊട്ട് നടന്ന സംഘര്‍ഷങ്ങളില്‍ വിവിധ രീതിയില്‍ ജീവിതം നഷ്ടമായ ബി.ജെ.പിയിലും ആര്‍.എസ്.എസിലും പ്രവര്‍ത്തിച്ചവര്‍ക്ക് ഈ പണപ്പിരിവ് കൊണ്ട് ഒരു ഉപകാരവും ഉണ്ടായിട്ടില്ല.

അതിന്റെ ഏറ്റവും വലിയ പണപിരിവ് നടന്നത് 2017ല്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പെട്ട് പലരീതിയില്‍ ബുദ്ധിമുട്ട് ഉണ്ടായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ‘മാര്‍കിസ്റ്റ് അക്രമ വിരുദ്ധ സമിതി’ എന്ന പേരില്‍ തിരുവനന്തപുരത്ത് വെച്ച് ഒരു കമ്മിറ്റി ഉണ്ടാക്കി ജനരക്ഷായാത്ര നടത്തി 100 കോടി പിരിക്കാന്‍ പദ്ധതി ഉണ്ടാക്കിയതാണ്.

ഞാനും ആ കമ്മിറ്റിയില്‍ ഒരു അംഗം ആയിരുന്നു. അമിത് ഷായും, യോഗി ആദിത്യനാഥും, ചൗഹനും ഒക്കെ നേരിട്ട് ഇറങ്ങി ആയിരുന്നു പണപിരിവിന് നേതൃത്വം കൊടുത്തത്.

100 കോടിക്ക് മേല്‍ കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പേരില്‍ പിരിച്ചെടുത്തിട്ടുണ്ട്. പക്ഷെ അതു കണ്ണൂരില്‍ 94ന് ശേഷം സംഘര്‍ഷം കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച ഒരു ബി.ജെ.പി കുടുംബത്തിനും കൊടുത്തതായി അറിവില്ല.

അതിന്റെ ലിസ്റ്റ് തയ്യാറാക്കിയത് കൂത്തുപറമ്പിലെ ബന്ധു കൂടിയായ പഴയ നേതാവ് ആയിരുന്നു. കേസിലും സംഘര്‍ഷത്തിലും പെട്ട് കഷ്ടപ്പെട്ട അവരുടെ ജീവിതം പോലും വലിയ കഷ്ടത്തില്‍ ആണ് പോകുന്നത്.

കണ്ണൂരില്‍ ബലിദാനികള്‍ ആയ ആര്‍.എസ്.എസ് അനുഭാവികളെ പലരെയും ഇന്നുള്ള ബി.ജെ.പി നേതാക്കള്‍ക്ക് അറിയില്ല. ചിലര്‍ക്ക് വേണ്ടി വാര്‍ഷിക പരിപാടികള്‍ നടത്തുന്നതല്ലാതെ മറ്റുള്ളവരുടെ കുടുംബത്തില്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതികള്‍ ഇന്നും ഉണ്ട്.

ഇതിനിടയില്‍ ബി.ജെ.പി സദാനന്ദന്‍ മാഷിനെ എം.പി ആക്കിയത് വലിയ സംഭവം ആയി ഇപ്പോഴത്തെ ബി.ജെ.പിക്കാര്‍ കാണുന്നു. അക്രമ രാഷ്ട്രീയത്തിന് ഇരയായ സദാനന്ദന്‍ മാഷിനോട് കൂര്‍ ഉണ്ടായിരുന്നെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനം, മുരളിധരന്‍ ഒക്കെ കേന്ദ്രത്തില്‍ മന്ത്രി ആകൂന്നതിന് മുമ്പ് ചെയ്യണമായിരുന്നു.

ഇപ്പോള്‍ ഇത് ചെയ്തത് ആക്രമ രാഷ്ട്രീയം സി.പി.ഐ.എമ്മിന്റെ മാത്രം പദ്ധതി ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള പദ്ധതിയുടെ ഭാഗം ആണ്.

പക്ഷെ കണ്ണൂര്‍ ജില്ല നിറയെ സംഘര്‍ഷം തുടങ്ങുവാന്‍ ഉള്ള കാര്യങ്ങള്‍ക്ക് സര്‍വ്വ പ്രശ്‌നവും തുടങ്ങി വെച്ചത് ആര്‍.എസ്.എസിന്റെ ചില നേതൃത്വം ആണ്. അതിന്റെ ഫലമായാണ് കണ്ണൂരിനെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി അക്രമ രാഷ്ട്രീയം ഉള്ള ജില്ലയാക്കി മാറ്റിയത്,’ രാജഗോപാല്‍ പറയുന്നു.

Content Highlight: RSS Former Shaka Shikshak Rajagopal reveals how rss made kannur a violent political district