ഇന്ത്യ സംഘപരിവാറിന്റേതു മാത്രമാകാന്‍ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആര്‍.എസ്.എസ് സ്വപ്നം കാണുന്നു: കെ.ടി. ജലീല്‍
Kerala News
ഇന്ത്യ സംഘപരിവാറിന്റേതു മാത്രമാകാന്‍ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആര്‍.എസ്.എസ് സ്വപ്നം കാണുന്നു: കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 12:18 pm

കോഴിക്കോട്: സി.പി.ഐ.എം പ്രവര്‍ത്തകന്‍ സന്ദീപ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വിമര്‍ശനവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.ടി. ജലീല്‍ പ്രതികരിച്ചിരിക്കുന്നത്.

ആര്‍.എസ്.എസിന്റെ എക്കാലത്തേയും വലിയ ശത്രു കമ്യൂണിസ്റ്റുകാരാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസുകാര്‍ തലശ്ശേരിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കാന്‍ ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് സാന്നിധ്യവും മതേതര മനസുള്ള മനുഷ്യരുടെ ചെറുത്തു നില്‍പ്പുമാണെന്ന് ജലീല്‍ പറഞ്ഞു.

ഇന്ത്യ സംഘപരിവാറിന്റേതാകാന്‍ അവസാനത്തെ സഖാവും ഇല്ലാതകണമെന്ന് ആര്‍.എസ്.എസ് സ്വപ്‌നം കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോ കൊലാപതകത്തിലൂടെയും ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം കേരളത്തില്‍ നിന്നും ഇല്ലാതാക്കാനാണെന്നും സവാര്‍ക്കറുടെ പാരമ്പര്യമല്ല ഭഗത് സിംഗിന്റെ പാരമ്പര്യമാണ് സഖാക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പുത്തന്‍പറമ്പില്‍ പി.ബി.സന്ദീപ് കുമാറിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

സന്ദീപിന്റ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം സി.പി.ഐ.എം തള്ളിയിരുന്നു.

സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.ഐ.എം വാദം.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍.എസ്.എസിന്റെ എക്കാലത്തെയും വലിയ ശത്രു കമ്യൂണിസ്റ്റുകാരാണെന്ന് വിശിഷ്യാ സി.പി.ഐ.എം ആണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് സഖാവ് പി.ബി സന്ദീപിന്റെ ദാരുണമായ കൊലപാതകത്തിലൂടെ.

തലശ്ശേരിയില്‍ രണ്ട് ദിവസം മുമ്പ് ആര്‍.എസ്.എസ് വിളിച്ച മുദ്രാവാക്യം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും വലിയ തടസ്സമായി നില്‍ക്കുന്നത് കമ്യൂണിസ്റ്റ് സാന്നിധ്യവും കറകളഞ്ഞ മതേതര മനസ്സുള്ള മനുഷ്യരുടെ ശക്തമായ ചെറുത്തു നില്‍പ്പുമാണെന്ന് ആരെക്കാളുമധികം മനസ്സിലാക്കിയവരാണ് അവര്‍.

അത്‌കൊണ്ട് തന്നെയാവണം ഗോള്‍വാള്‍ക്കര്‍ ഹിന്ദു ഫാഷിസ്റ്റുകളുടെ പ്രഥമ ശത്രു പട്ടികയില്‍ മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരനെയും ഉള്‍പ്പെടുത്തിയത്. ഇന്ത്യ സംഘ്പരിവാറിന്റേതു മാത്രമാകാന്‍ അവസാനത്തെ സഖാവും എരിഞ്ഞമരണമെന്ന് ആര്‍.എസ്.എസ് സ്വപ്നം കാണുന്നു.

തിരുവല്ല, പെരിങ്ങര സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഖാവ് സന്ദീപിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഇടതുപക്ഷ ശബ്ദം മലയാളക്കരയില്‍ നിന്ന് തുടച്ചു നീക്കലാണ്.

ബ്രിട്ടീഷുകാരന്റെ മുന്നില്‍ മുട്ട് വിറച്ച് മാപ്പെഴുതിക്കൊടുത്ത സവാര്‍ക്കറുടെ പാരമ്പര്യമല്ല, ജീവിച്ച പ്രത്യയശാസ്ത്രത്തിനുവേണ്ടി തൂക്കുമരത്തെ പുഞ്ചിരിയോടെ പുല്‍കിയ ഭഗത് സിംഗിന്റെ ഉശിരിന്റെ ഉള്‍ക്കാമ്പാണ് ഓരോ സഖാവിന്റെ ഹൃദയത്തിലും തുടിക്കുന്നത്.

ആ മിടിപ്പിന്റെ ബലത്തിലാണ് കേരളം ഓരോ അടിയും മുന്നോട്ട് പോകുന്നത്. പ്രിയ സന്ദീപ്, ആര്‍.എസ്.എസിന് താങ്കളുടെ ഭൗതിക ജീവിതത്തിന് തിരശ്ശീല വീഴ്ത്താന്‍ സാധിച്ചേക്കും. പക്ഷെ, അങ്ങ് വിട്ടേച്ചുപോയ മതനിരപേക്ഷ-സോഷ്യലിസ്റ്റ് ആദര്‍ശം അവസാന ശ്വാസം വരെയും നെഞ്ചകം പേറി മാനവികതയുടെ ചെമ്പതാക വാനില്‍ ഉയര്‍ത്തിപ്പറപ്പിക്കാന്‍ ഒരു വലിയ ജനസഞ്ചയം ഈ മണ്ണില്‍ ഉയിര്‍കൊണ്ടുകൊണ്ടേയിരിക്കും, തീര്‍ച്ച.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘RSS dreams of burning to death the last comrade to belong only to the Indian Sangh Parivar’; K.T. Jalil