'ഞാനൊരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്നവന്‍'; തമിഴ്‌നാട്ടില്‍ ഗോവധ നിരോധനത്തിന് ഉത്തരവിട്ട ജഡ്ജിയുടെ ആര്‍.എസ്.എസ് ബന്ധം ചര്‍ച്ചയാകുന്നു
national news
'ഞാനൊരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്നവന്‍'; തമിഴ്‌നാട്ടില്‍ ഗോവധ നിരോധനത്തിന് ഉത്തരവിട്ട ജഡ്ജിയുടെ ആര്‍.എസ്.എസ് ബന്ധം ചര്‍ച്ചയാകുന്നു
ആദര്‍ശ് എം.കെ.
Thursday, 28th May 2026, 7:28 pm

ചെന്നൈ: ബലിപെരുന്നാള്‍ പ്രമാണിച്ചും അല്ലാതെയും തമിഴ്നാട്ടില്‍ ഒരിടത്തും പശുക്കളെയും പശുക്കിടാങ്ങളെയും അറക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തമിഴ്നാട് ചീഫ് സെക്രട്ടറിക്കാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.

ബലിപെരുന്നാള്‍ സമയത്ത് പശുവിനെയോ പശുക്കിടാവിനെയോ അറക്കുന്നത് മതപരമായ ചടങ്ങല്ലെന്നും അങ്ങനെയൊരു രീതി മുസ് ലിം വിഭാഗത്തില്‍ ഇല്ലെന്നും നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.

കോയമ്പത്തൂര്‍ സ്വദേശിയായ കെ. സൂര്യ പ്രശാന്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജി.ആര്‍. സ്വാമിനാഥന്‍, വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ബലിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച വിധിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തില്‍ വിധി പ്രസ്താവിച്ച ബെഞ്ചിലെ ജി.ആര്‍. സ്വാമിനാഥന്റെ പശ്ചാത്തലവും ചര്‍ച്ചയാകുകയാണ്. വ്യക്തമായ ആര്‍.എസ്.എസ് പശ്ചാത്തലമുള്ള വ്യക്തിയാണ് സ്വാമിനാഥന്‍.

ആര്‍.എസ്.എസ് സ്ഥാപിച്ച തീവ്ര വലത് – ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ഹിന്ദു മുണിയുടെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇദ്ദേഹം. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണവും സ്വാമിനാഥനെതിരെ ഉയര്‍ന്നിരുന്നു.

ഇതിനൊപ്പം താന്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്നവനാണെന്നും സ്വാമിനാഥന്‍ പറഞ്ഞിരുന്നു.

ഇതിന് പുറമെ ഏറെ വിവാദമായ തിരുപ്രംകുണ്ഡ്രം ദീപത്തൂണ്‍ വിവാദത്തില്‍ ഹിന്ദു മക്കള്‍ കച്ചി നേതാവ് രാമരവികുമാറിന് അനുകൂലമായി വിധിയെഴുതിയ ജഡ്ജി കൂടിയാണ് സ്വാമിനാഥന്‍.

അതേമയം, സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വാമിനാഥന്‍ അടങ്ങിയ ബെഞ്ച് ഗോവധ നിരോധനനത്തിന് ഉത്തരവിട്ടത്.

ഭരണഘടനയിലെ 48ാം അനുച്ഛേദം അനുസരിച്ച് ഗോവധം തടയാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു.

തമിഴ്നാട്ടില്‍ 1976 ഓഗസ്റ്റ് 30 മുതല്‍ ഗോവധ നിരോധനം നിലവിലുണ്ട്. ഈ നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടത്.

അംഗീകൃത അറവുശാലകളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ലാതെ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ, താത്കാലിക അറവുശാലകള്‍ അനുവദിക്കില്ലെന്നും പൊതുസ്ഥലങ്ങളില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചു

 

Content Highlight: RSS connection of judge who ordered ban on cow slaughter in Tamil Nadu is under discussion

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.