ആളൊഴിഞ്ഞ് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദി; ആര്‍.എസ്.എസ് അതൃപ്തിയില്‍ വലഞ്ഞ് നേതൃത്വം
Kerala
ആളൊഴിഞ്ഞ് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദി; ആര്‍.എസ്.എസ് അതൃപ്തിയില്‍ വലഞ്ഞ് നേതൃത്വം
ന്യൂസ് ഡെസ്‌ക്
Friday, 4th October 2019, 10:48 am

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ അസ്വാരസ്യങ്ങള്‍ ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് വിട്ടു നിന്നതോടെ ആളൊഴിഞ്ഞ അവസ്ഥയിലാണ് എന്‍.ഡി.എയുടെ പ്രചരണ വേദി.

പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും ആര്‍.എസ്.എസിന് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും പ്രചരണരംഗത്ത് ആര്‍.എസ്.എസിന്റെ മേധാവിത്വം ഇല്ല.

നേരത്തെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രചാരണം വിപുലമാക്കുന്നതിന് ആര്‍.എസ്.എസ് ഭാരവാഹികളെ ചുമതലപ്പെടുത്തിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയും ആര്‍.എസ്.എസിനായിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തിലുള്ള ഒരു ചുമതലയും ആര്‍.എസ്.എസ് ഏറ്റെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സംയോജകരെ സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ നിയോഗിക്കാറില്ലെന്ന വാദമാണ് ഇതിന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

മുതിര്‍ന്ന നേതാവായ കുമ്മനം രാജശേഖരനെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍.എസ്.എസ് ഇത്തരമൊരു നിലപാടെടുത്തോടെ എന്‍.ഡി.എയുടെ മിക്ക തെരഞ്ഞെടുപ്പ് പ്രചരണ വേദികളും ആളൊഴിഞ്ഞ നിലയിലാണ്. നിലവിലെ സ്ഥാനാര്‍ത്ഥിയായ എസ്. സുരേഷിനേക്കാള്‍ എന്തുകൊണ്ടും മികച്ച സ്ഥാനാര്‍ത്ഥി കുമ്മനം തന്നെയാണെന്ന നിലപാടിലാണ് ഇപ്പോഴും ആര്‍.എസ്.എസ് നേതൃത്വം.

ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ ഘട്ടത്തില്‍ മുന്നണിയില്‍ തുടരുന്ന ഈ തര്‍ക്കം എന്‍.ഡി.എയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പ്രചാരണത്തില്‍ ശക്തമായി മുന്നില്‍ നില്‍ക്കാന്‍ പോലും സുരേഷിന് കഴിയില്ലെന്നാണ് ആര്‍.എസ്.എസ് നേതാക്കളുടെ പക്ഷം.

ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ നിസ്സഹകരണമാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. പാല ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞത് ബി.ഡി.ജെ.എസ് വോട്ട് മറിച്ചതുകൊണ്ടാണെന്ന ആരോപണമാണ് തര്‍ക്കത്തിന് വഴിവെച്ചത്.

അതേസമയം വട്ടിയൂര്‍കാവിലെ സ്ഥാനാര്‍ത്ഥി തീരുമാനമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന് തര്‍ക്കങ്ങള്‍ ഇല്ലെന്നും വിജയദശമി ആഘോഷങ്ങള്‍ക്കു ശേഷം ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ് സജീവമാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ