ഒടുവില്‍ ആര്‍.എസ്.എസിനും പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാക
national news
ഒടുവില്‍ ആര്‍.എസ്.എസിനും പ്രൊഫൈല്‍ പിക്ചര്‍ ദേശീയ പതാക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th August 2022, 5:09 pm

ന്യൂദല്‍ഹി: വിമര്‍ശനങ്ങളും പരിഹാസങ്ങളും രൂക്ഷമായതിന് പിന്നാലെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ആര്‍.എസ്.എസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ത്രിവര്‍ണ പതാകയാക്കിയിട്ടും ആര്‍.എസ്.എസിന് കാര്യമായ മാറ്റമൊന്നും കണ്ടിരുന്നില്ല. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആര്‍.എസ്.എസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പെയിനിന്റെ ഭാഗമായാണ് പ്രൊഫൈല്‍ പിക്ചറില്‍ എല്ലാവരും ത്രിവര്‍ണ പതാക ഉള്‍പ്പെടുത്തിയത്. എല്ലാവരും രാജ്യസ്‌നേഹത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്തണമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. പക്ഷേ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍.എസ്.എസ് പ്രൊഫൈലുകള്‍ മാത്രം ചിത്രം മാറ്റിയിരുന്നില്ല.

ദേശീയപതാകയോട് തുടരുന്ന എതിര്‍പ്പിന്റെ ഭാഗമാണിതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. 52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താന്‍ തയാറാകാത്ത ദേശവിരുദ്ധ സംഘടനയില്‍നിന്നുള്ളവരാണ് ഇപ്പോള്‍ ‘ഹര്‍ ഘര്‍ തിരംഗ’ മുദ്രാവാക്യം മുഴക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിന് പിന്നാലെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശവും പുറകത്തുവന്നിരുന്നു.

എല്ലാവരും സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കണമെന്ന് സന്ദേശത്തില്‍ ഭഗവത് പറയുന്നത്. എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഗ്പൂരിലുള്ള ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് രണ്ട് പ്രാവശ്യം മാത്രമാണ് ഇതുവരെ ദേശീയപതാക ഉയര്‍ത്തിയിരിക്കുന്നത്. 1947 ആഗസ്റ്റ് 14നും 1950 ജനുവരി 26നുമായിരുന്നു ഇത്.

പിന്നീട് 2001 ജനുവരി 26 വരെ ഇവിടെ പതാക ഉയര്‍ത്തിയിരുന്നില്ല. 2001ല്‍ രാഷ്ട്രപ്രേമി യുവാദള്‍ എന്ന സംഘടനയില്‍ അംഗങ്ങളായ മൂന്നുപേര്‍ വന്ന് ബലപ്രയോഗത്തിലൂടെ പതാക ഉയര്‍ത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയും 2013ല്‍ മോചിപ്പിക്കുകയും ചെയ്തു.

ബി.ജെ.പി പ്രവര്‍ത്തകരെല്ലാം ത്രിവര്‍ണപതാകയുടെ ചിത്രം തെരഞ്ഞെടുത്തപ്പോള്‍ ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ പതാക വീശുന്ന ചിത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രൊഫൈല്‍ പിക്ചര്‍. നേരത്തെ മുന്‍നിര ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും പ്രൊഫൈല്‍ പിക്ചര്‍ മാറ്റാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയല്ല രാജ്യത്തോട് സ്‌നേഹം കാണിക്കേണ്ടതെന്നും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാധിപത്യ രാജ്യത്ത് സ്വാതന്ത്ര്യ ദിനം എങ്ങനെ ആഘോഷിക്കണം എന്ന് പറഞ്ഞു തരുന്ന അവസ്ഥയുണ്ടാകുന്നതിലെ വൈരുധ്യവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Content Highlight: RSS changed profile picture to national flag