നിർമാണോദ്ഘാടനം പ്രധാനമന്ത്രി; പാലത്തിന് ചെലവാകുന്ന ഫണ്ട് പഞ്ചായത്ത്‌ നൽകണമെന്ന് റെയിൽവേ നിർദേശം
Kerala News
നിർമാണോദ്ഘാടനം പ്രധാനമന്ത്രി; പാലത്തിന് ചെലവാകുന്ന ഫണ്ട് പഞ്ചായത്ത്‌ നൽകണമെന്ന് റെയിൽവേ നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th February 2024, 11:31 am

തിരുവനന്തപുരം: കേരളത്തിൽ കേന്ദ്രം അനുവദിച്ച റെയിൽവേ മേൽപ്പാലങ്ങൾക്കും അടിപ്പാലങ്ങൾക്കും ചെലവാകുന്ന തുക നൽകുവാൻ അതാത് പഞ്ചായത്തുകൾക്ക് നിർദേശം.

ആരും നിർദേശിച്ച സ്ഥലത്തല്ല റയിൽവേ മേൽപ്പാലവും അടിപ്പാലവും നിർമിക്കുന്നത് എന്നിരിക്കെയാണ് പാലത്തിന്റെ നിർമാണത്തിന് ചെലവാകുന്ന തുക പഞ്ചായത്തുകളോട് ആവശ്യപ്പെടുന്നത്.

ഫെബ്രുവരി 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി കേരളത്തിലെ മുപ്പത്തോളം പാലങ്ങളുടെ നിർമാണം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പഞ്ചായത്തുകളോട് പണം ആവശ്യപ്പെട്ടതിന്റെ രേഖകൾ പുറത്തുവന്നത്.

തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ കാപ്പിൽ – കണ്ണമ്മൂട് മേഖലയിൽ അനുവദിച്ച റെയിൽവേ അടിപ്പാലത്തിനായി 6.25 കോടി രൂപയാണ് ചെലവെന്നും ഇത് ഇടവ പഞ്ചായത്ത്‌ ഏർപ്പാട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇടവ പഞ്ചായത്ത് പ്രസിഡന്റിന് റെയിൽവേ കത്ത് നൽകിയത് കഴിഞ്ഞ ദിവസമാണ്.

രാജ്യത്തെ വിവിധ റെയിൽവേ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തി കുണ്ടറ-പള്ളിമുക്ക് മേൽപ്പാലവും ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ കുണ്ടറയിലെ മേൽപ്പാലം 26ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും അറിയിച്ചു.

ദേശീയപാതയുടെ കൊല്ലം ചെങ്കോട്ട ഭാഗത്തെ നവീകരണത്തിനായി കഴിഞ്ഞവർഷത്തെ ബജറ്റിൽ ആയിരം കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയപ്പോൾ ഇതിൽ പള്ളിമുക്ക് മേൽപ്പാലവും ഉൾപ്പെടുത്തുകയായിരുന്നു.

Content Highlight: Rsilway asks Panchayat to find fund for underpass construction which is to be inaugurated by narendra modi