ഖാർത്തും: സുഡാൻ അഭയാർത്ഥി ക്യാമ്പിന് നേരെ ആർ.എസ്.എഫ് നടത്തിയ ആക്രമണത്തിൽ യുദ്ധക്കുറ്റ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ.
നോർത്ത് ഡാർഫറിലെ സൈനിക കേന്ദ്രത്തിൽ ആർ.എസ്.എഫ് നടത്തിയ ആക്രമണത്തിന്റെ രേഖകൾ ആംനസ്റ്റി റിപ്പോർട്ട് ചെയ്തു.
സംസാം പ്രവിശ്യയിൽ ആർ.എസ്.എഫ് നടത്തിയ ആക്രമണത്തിൽ സാധാരണക്കാരെ കൊലപ്പെടുത്തിയതായും, ബന്ദികളാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. പള്ളികൾ, സ്കൂളുകൾ, ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ മുതൽ സുഡാനിലെ സൈനിക സർക്കാരുമായുള്ള സംഘർഷത്തിൽ കൊലപാതകങ്ങൾ, കൂട്ട ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആർ.എസ്.എഫിനെതിരെ നിരവധി തവണ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
‘സംസാം ക്യാമ്പിലെ വിശന്നുവലഞ്ഞ സാധാരണക്കാർക്ക് നേരെ ആർ.എസ്.എഫ് നടത്തിയ ആക്രമണങ്ങൾ ഭീകരവും ആസൂത്രിതവുമാണ്. മനുഷ്യജീവനോടുള്ള ഭയാനകമായ അവഗണനയാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്,’ ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലാമർഡ് പറഞ്ഞു.
ഈ നിരന്തരമായ ആക്രമണത്തിനിടയിൽ ഏകദേശം 400,000 ആളുകൾ ക്യാമ്പിൽ നിന്ന് പലായനം ചെയ്യാൻ കാരണമായെന്നും ഇത് എൽ ഫാഷർ പിടിച്ചെടുക്കാൻ ആരംഭിച്ച ആർ.എസ്.എഫിന്റെ സൈനിക പ്രചാരണത്തിന്റെ ഭാഗമായിരുന്നെന്നും ആംനസ്റ്റി റിപ്പോർട്ട് ചെയ്യുന്നു.
‘സാധാരണക്കാരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും അവരുടെ ഉപജീവനമാർഗത്തിനും നിലനിൽപ്പിനുമുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട ആക്രമണമല്ല. ആർ.എസ്.എഫിന്റെ നിരന്തരമായുള്ള സൈനിക പ്രചാരണത്തിന്റെ ഭാഗമാണ്,’ ആഗ്നസ് കല്ലാമർഡ് പറഞ്ഞു.
ഒരു പ്രത്യേക സൈനിക ലക്ഷ്യമില്ലാതെയുള്ള വെടിവെക്കൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ആംനസ്റ്റി പറഞ്ഞു.
നിരവധി നിരായുധരായ പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
Content Highlight: RSF attack on Sudan refugee camp; War crimes investigation must be conducted: Amnesty