തിരുവനന്തപുരം: പൂജപ്പുരയില്‍ ജയില്‍ വകുപ്പ് നടത്തുന്ന ഭക്ഷണശാലയില്‍ മോഷണം. മൂന്ന് ദിവസത്തെ കളക്ഷനായ നാല് ലക്ഷം രൂപയോളമാണ് നഷ്ടമായത്. അലമാരയില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയത്. മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ വെച്ച് തുറന്നാണ് മോഷണം. ഇന്ന് പുലര്‍ച്ചെ ഭക്ഷണശാല തുറക്കാന്‍ എത്തിയപ്പോയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
മോഷണം നടത്തിയത് ആരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തടവുകാര്‍ അടക്കം ഈ ഭക്ഷണ ശാലയില്‍ ജോലി ചെയ്യുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളില്‍ ഒന്നും സി.സി.ടി.വി ക്യാമറകളില്ലെന്നാണ് പൊലീസ് പറയുന്നത്.
നിലവില്‍ ഫോറന്‍സിക് സംഘത്തെ എത്തിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. അല്‍പ സമയത്തിനകം പരിശോധനക്കായി വിദഗ്ധ സംഘം എത്തും.
അതേസമയം, ഈ സംഭവത്തോടെ സംസ്ഥാനത്തെ ജയില്‍ വകുപ്പിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ മാസം സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലിന്റെ കമ്പികള്‍ മുറിച്ച് മാറ്റിയായിരുന്നു പ്രതി രക്ഷപ്പെട്ടിരുന്നത്.
ഒന്നര മാസത്തോളം നീണ്ട ആസൂത്രത്തിനൊടുവിലായിരുന്നു ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം. അന്നും ജയില്‍ ചാടി മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു ജയില്‍ അധികൃതര്‍ ഈ വിവരം അറിഞ്ഞത്.
പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ണൂര്‍ താളപ്പിലെ ആളൊഴിഞ്ഞ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കെട്ടിടത്തിലെ കിണറ്റില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ആഴ്ചകള്‍ മാത്രം കഴിഞ്ഞാണ് ഇങ്ങനെ ഒരു മോഷണം നടക്കുന്നത്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നത് സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ത്തുണ്ട്.
Content Highlight: Rs 4 lakh stolen from Poojappura Central Jail