റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കൊവിഡ് ഇന്‍ഷൂറന്‍സ്; അധികാരമേറ്റയുടനെ ഉത്തരവില്‍ ഒപ്പ് വെച്ച് സ്റ്റാലിന്‍
TN Election 2021
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 4000 രൂപ, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കൊവിഡ് ഇന്‍ഷൂറന്‍സ്; അധികാരമേറ്റയുടനെ ഉത്തരവില്‍ ഒപ്പ് വെച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 3:52 pm

ചെന്നൈ: അധികാരമേറ്റ് ആദ്യ മന്ത്രിസഭയില്‍ തന്നെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഒപ്പ് വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. റേഷന്‍ കാര്‍ഡ് ഉള്ള കുടുംബത്തിന് 4000 രൂപ നല്‍കുന്ന പദ്ധതിയടക്കം അഞ്ച് സുപ്രധാന തീരുമാനങ്ങളിലാണ് സ്റ്റാലിന്‍ ഒപ്പ് വെച്ചത്.

സ്ത്രീകള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കുക, കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുടങ്ങിയവയാണ് ഉത്തരവുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഡി.എം.കെ നല്‍കിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഒപ്പുവെച്ച ഉത്തരവുകള്‍.

ഒപ്പുവെച്ച ഉത്തരവുകള്‍

1. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ കുറച്ച് ആശ്വാസം നല്‍കുന്നതിനായി സംസ്ഥാനത്തെ എല്ലാ ‘റൈസ്’ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 4,000 രൂപ ഉടന്‍ നല്‍കും. 4,000 രൂപയില്‍ 2,000 രൂപ മെയ് മാസത്തില്‍ വിതരണം ചെയ്യും, ബാക്കിയുള്ളവ പിന്നീട് നല്‍കും.

2 പാല്‍ വില 3 രൂപ കുറയ്ക്കും

3. ജോലി ചെയ്യുന്ന പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും ശനിയാഴ്ച മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളില്‍ (സാധാരണ നിരക്ക്) സൗജന്യമായി യാത്ര ചെയ്യാം. ഇതുമൂലം ഉണ്ടാകുന്ന 1,200 കോടി രൂപയുടെ അധികച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

4 ആദ്യ നൂറ് ദിവസത്തിനുള്ളില്‍ ജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള ഒരു വകുപ്പ് ആരംഭിക്കും.

5. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കുള്ള ചെലവുകള്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരും. സര്‍ക്കാര്‍, ആശുപത്രികള്‍ക്ക് അത് തിരികെ നല്‍കും.

ചെന്നൈയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. അതേസമയം സ്റ്റാലിന്റെ മകനും ഡി.എം.കെ യുവ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.

പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായിട്ടുണ്ട്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Rs 4,000 for ration card holders, free bus travel for women, Kovid insurance; Stalin signed the order as soon as he came to power in Tamilnadu